തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതി ലൈംഗികാതിക്രമത്തിന് വിധേയയാായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണെന്നും കൊലക്കേസിലെ പ്രതിയായ ഒരാളെ ആരാണ് ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് ഡ്രൈവറായി നിയമിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
‘തലയണക്കടിയില്‍ കത്തി വെച്ച് ഉറങ്ങേണ്ട സാഹചര്യം ഇനി കേരളത്തിലുണ്ടാവില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇന്ന് ആബുലന്‍സില്‍ പോലും പീഡനം നേരിടുന്ന സാഹചര്യമാണ്. കോവിഡ് രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ വ്യക്തി ഒരു കൊലക്കേസിലെ വരെ പ്രതിയാണെന്നാണ് എസ്.പി. വെളിപ്പെടുത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ കൂടെയുണ്ടാകേണ്ട സാഹചര്യത്തില്‍ എന്തുകൊണ്ട് ഒരു കോവിഡ് രോഗിയുടെ കൂടെ ഒരു ഡ്രൈവര്‍ മാത്രം ഉണ്ടായിയെന്നത് സംശയം ജനിപ്പിക്കുന്ന ഒന്നാണ്. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പ്രതിയെ പിരിച്ചുവിടുന്നത് ഇതിന് പരിഹാരമാകില്ല.ഉന്നതല അന്വേഷണം ഈ വിഷയത്തില്‍ ആവശ്യമാണ്. ഇത് മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണം.’ എന്നായിരുന്നു രമേശ് ചെന്നിതലയുടെ പ്രതികരണം.
ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. 108 ആംബുലന്‍സിലെ ഡ്രൈവറായ കായുകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊവിഡ് ബാധിതയായ പെണ്‍കുട്ടിയെ പത്തനംതിട്ടയില്‍ നിന്ന് കോഴഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആസുത്രിതമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആറന്മുളയിലെ ഒഴിഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു പെണ്‍കുട്ടി അതിക്രമത്തിനിരയാവുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു.
കൊവിഡ് രോഗിക്കൊപ്പം ഓരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലന്‍സില്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഡ്രൈവര്‍ ഒറ്റയ്ക്ക് രോഗിക്കൊപ്പം സഞ്ചരിച്ചത്.



