ചെന്നൈ: തമിഴ്നാട്ടിൽ (Tamil Nadu) വീണ്ടും പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കടലൂർ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിയാണ് തമിഴ്നാട്ടിൽ ജീവനൊടുക്കിയത് (Suicide). കൗമാരക്കാരുടെ ആവർത്തിച്ചുള്ള മരണങ്ങളിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്കണ്ഠ രേഖപ്പെടുത്തി.
കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും ശേഷം കടലൂരിൽ നിന്നാണ് സങ്കടവാർത്ത. രണ്ടാഴ്ചക്കിടെ മൂന്നാമത്തേതും 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് രണ്ടാമത്തേയും സംഭവം. കുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു. അമ്മ ശകാരിച്ചതിനെ തുടർന്ന് ഏതാനം ദിവസങ്ങളായി കുട്ടി വിഷാദിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിരുവള്ളൂരിലെ കീഴ്ചേരിയിൽ ഇന്നലെ സ്കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കിയ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജിൽ മൂന്ന് സീനിയർ ഫോറൻസിക് സർജന്മാരുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടം പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലായിരുന്നു കുടുംബമെങ്കിലും ഇന്ന് രാവിലെ അവർ തീരുമാനം മാറ്റി. ജന്മനാടായ തിരുത്തണിയിൽ സംസ്കാരച്ചടങ്ങ് നടന്നു.
പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് കഴിഞ്ഞയാഴ്ച വലിയ അക്രമസംഭവങ്ങൾ നടന്ന കള്ളക്കുറിച്ചിയിലെ സ്കൂളിലും പരിസപരത്തും നിരോധനാജ്ഞ തുടരുകയാണ്. കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ ആവർത്തിച്ചുള്ള മരണങ്ങളിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്കണ്ഠ രേഖപ്പെടുത്തി. ജീവിതം അമൂല്യമാണെന്നും ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ മാനസികമായും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങളിൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ചെന്നൈയിലെ ഒരു കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു.



