ചെന്നൈ: തമിഴ്നാട്ടിൽ എൻ.ഡി.എ മുന്നണിയിൽനിന്ന് വേർപിരിഞ്ഞ് എ.ഐ.എ.ഡി.എം.കെ. ഇന്ന് ചെന്നൈയിൽ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്. പുതിയ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം
തീരുമാനമെടുത്തതോടെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തിന് മുന്നിൽ പാർട്ടി പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി ഒത്തുകൂടി.
യോഗത്തിൽ ജില്ല സെക്രട്ടറിമാരും എം.എൽ.എമാരുമടക്കം നേതാക്കൾ പങ്കെടുത്തു. അണ്ണാദുരൈയെയും ജയലളിതയെയും അടക്കം എ.ഐ.എ.ഡി.എം.കെയുടെ നേതാക്കളെ നിരന്തരം അപമാനിക്കുന്ന ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈയുടെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് മുതിർന്ന നേതാവ് ഡി. ജയകുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അണ്ണാമലൈ മാപ്പ് പറഞ്ഞാൽ കടുംപിടിത്തം ഉപേക്ഷിക്കാമെന്ന അഭിപ്രായം ഉയർന്നതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ എ.ഐ.എ.ഡി.എം.കെ സംഘം വെള്ളിയാഴ്ച ഡൽഹിയിലെത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡയെയും മന്ത്രി പിയൂഷ് ഗോയലിനെയും കണ്ട നേതാക്കൾ പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ചെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചില്ലെന്നായിരുന്നു റിപ്പോർട്ട്.



