ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസറ്റണ്‍: കോവിഡ് ഏതെങ്കിലും തരത്തില്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചാല്‍ ബദല്‍ സംവിധാനമായി കരുതുന്ന തപാല്‍ സേവനത്തിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാന്‍ ഭരണകൂടം ഇടപെടുന്നു. തപാല്‍സേവ മാറ്റങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള വോട്ടെടുപ്പിനായി സഭയെ തിരികെ വിളിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി ഞായറാഴ്ച പ്രഖ്യാപിച്ചു. ഈ ആഴ്ചത്തെ വാര്‍ഷിക വേനല്‍ക്കാല അവധി റദ്ദാക്കിയായിരിക്കും നടപടിയെന്നും സൂചനയുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് മെയിലിലൂടെ ബാലറ്റ് രേഖപ്പെടുത്തുന്ന അമേരിക്കക്കാരെ ഇപ്പോഴത്തെ തപാല്‍ പ്രതിസന്ധി വിലക്കിയേക്കാമെന്ന് വോട്ടിംഗ് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി.

മെയില്‍ഇന്‍ ബാലറ്റുകളുടെ വര്‍ദ്ധനവ് കൈകാര്യം ചെയ്യാന്‍ ഏജന്‍സിയെ സഹായിക്കുന്നതിന് അടിയന്തിര ധനസഹായം നല്‍കുന്നതിന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ഞായറാഴ്ച സൂചന നല്‍കിയിരുന്നു. തപാല്‍ സേവനത്തിലെ വെട്ടിക്കുറവുകള്‍ക്കും മാറ്റങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ അന്വേഷിക്കുകയാണെന്ന് ഡെമോക്രാറ്റിക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കൊറോണ വൈറസ് കാരണം പോളിംഗ് സ്‌റ്റേഷനുകളിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരായ അമേരിക്കക്കാര്‍ രേഖപ്പെടുത്തിയ 80 ദശലക്ഷം ബാലറ്റുകള്‍ തപാല്‍ സേവനം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്ക രാജ്യത്തുടനീളം ഉയര്‍ന്നുവന്നിട്ടുണ്ട്.
സെപ്റ്റംബര്‍ 14 വരെ സഭ വോട്ടെടുപ്പിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ഉടന്‍ തന്നെ ഒരു തപാല്‍ സേവന ബില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെമോക്രാറ്റിക് വക്താവ് പറഞ്ഞു. ഭൂരിപക്ഷ നേതാവായ മേരിലാന്‍ഡിലെ പ്രതിനിധി സ്‌റ്റെനി എച്ച്. ഹോയര്‍ തിങ്കളാഴ്ച അന്തിമ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘തിരഞ്ഞെടുപ്പിന്റെ സമഗ്രതയ്ക്ക് കനത്ത ഭീഷണിയാണ്’ എന്ന് മുന്നറിയിപ്പ് നല്‍കിയ സമീപകാല തപാല്‍ നയങ്ങളെക്കുറിച്ച് ഡെമോക്രാറ്റുകള്‍ ഈ മാസം ക്യാപിറ്റല്‍ ഹില്ലില്‍ സമരപരിപാടികള്‍ക്ക് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതില്‍ ഉന്നത തപാല്‍ സേവന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കുമെന്ന് അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് സ്പീക്കറുടെ പെട്ടെന്നുള്ള പ്രഖ്യാപനമുണ്ടായത്.

കൊറോണ സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം രാജ്യത്ത് 5,574,276 മറികടന്നു. ഇതില്‍ 173,189 പേര്‍ മരിച്ചു. രോഗമുക്തി ഉണ്ടായത് 2,924,931 പേര്‍ക്കാണ്. രോഗവ്യാപനം ഇപ്പോഴും തുടരുകയാണ്. ഇതിനു പ്രധാനകാരണം സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണമാണെന്നു കാണിച്ചു അമേരിക്കന്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തു വന്നുവെന്നതാണ് ഇന്നത്തെ പ്രധാന സംഗതി. കൊറോണ വൈറസിനെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ കൂടി തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നത് ഇതാദ്യമാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഇത്തരം വ്യാജ വീഡിയോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇത്തരം വീഡിയോകളും വിവരങ്ങളുമാണ് രാജ്യത്തെ പകര്‍ച്ചവ്യാധി പടര്‍ത്തുന്നതില്‍ മുന്നിലെന്നാണ് ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന വിവിധ ഗ്രൂപ്പുകളും പറയുന്നു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ രോഗത്തോടുള്ള പൊതുജനാരോഗ്യ പ്രതികരണത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന വൈറസുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഡോക്ടര്‍മാരുടെ സംഘടന രംഗത്തു വന്നത്. ജൂലൈയില്‍ രണ്ടാഴ്ചയിലധികം ഡോക്ടര്‍മാരുമായും പൊതുജനാരോഗ്യ വിദഗ്ധരുമായും ഇന്റര്‍നെറ്റ് ഗവേഷകരുമായും ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ഇങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് സോഷ്യല്‍ മീഡിയ ഭീമന്മാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ പങ്കിട്ട തെറ്റായ വിവരങ്ങളാണ് ജനങ്ങളെ മുഖംമൂടി ധരിക്കാനുള്ള ശ്രമങ്ങളെ പോലും തുരങ്കംവെച്ചതെന്നും ഇതു രോഗത്തിന്റെ ഗൗരവം നിസാരമാക്കിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചില ആശുപത്രികളില്‍ പോലും ഇത് നടപ്പായി. വ്യക്തിസ്വാതന്ത്ര്യമാണ് ഫേസ്മാസ്‌ക്ക് വെക്കാതിരിക്കുന്നതെന്ന ക്യാമ്പെയ്ന്‍ പോലും ഉണ്ടായതോടെ രാജ്യത്ത് പകര്‍ച്ചവ്യാധി ആളിപ്പടരുകയായിരുന്നു. ജോലിസ്ഥലത്ത് മാസ്‌ക് ധരിച്ചാല്‍ ഓക്‌സിജന്റെ അളവിനെ ദോഷകരമായി ബാധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനു പോലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വാക്‌സിന്‍ ഗൂഢാലോചന സിദ്ധാന്തങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത് നിര്‍ണായകമായ വാക്‌സിനേഷന്‍ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമോ എന്നതാണ് ആരോഗ്യപ്രവര്‍ത്തര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഭയം.

കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നു മാത്രം വിവരങ്ങള്‍ നല്‍കുന്നതിനും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ്, ഫേസ്ബുക്ക് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വിവിധ നയങ്ങള്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്ക് വൈറസ് ഉണ്ടാകില്ലെന്ന് തെറ്റായി അവകാശപ്പെടുന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഇതിനെ തുടര്‍ന്ന് ഈ മാസം ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴും അസത്യ വിവരങ്ങള്‍ പ്രചരിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ മാസം, അമേരിക്കയിലെ ഫ്രണ്ട് ലൈന്‍ ഡോക്ടര്‍മാര്‍ എന്ന് സ്വയം വിളിക്കുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോ, വൈറസിനെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ നല്‍കി. ഇത് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ പങ്കിട്ടിരുന്നു. അതില്‍ മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമായ കൊറോണ വൈറസ് ചികിത്സയാണെന്നും മാസ്‌കുകള്‍ വൈറസിന്റെ വ്യാപനത്തെ മന്ദഗതിയിലാക്കുന്നില്ലെന്നും ഉള്‍പ്പെടെയാണ് പ്രചരിക്കപ്പെട്ടത്. ട്രംപിന്റെ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്ന ഈ വീഡിയോ ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്.
മെഡിക്കല്‍ പ്രൊഫഷണലുകളേക്കാള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിശ്വസിക്കുന്നവരാണ് അധികമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഓണ്‍ലൈന്‍ വിവരങ്ങളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട രോഗികളുമായി ഇടപഴകുന്നവരെ ചികിത്സിക്കാനാണ് ബുദ്ധിമുട്ടെന്ന് ഇവര്‍ പറയുന്നു. ഈ പ്രതിഭാസത്തെ അവര്‍ ഡോ. ഗൂഗിള്‍ എന്നാണ് വിളിക്കുന്നത്. ഡോക്ടര്‍മാരും ഗവേഷകരും പറയുന്നതനുസരിച്ച്, നിരവധി ഘടകങ്ങള്‍ അടിയന്തിരമായി നിര്‍ത്തേണ്ടതുണ്ട്. പ്രസിഡന്റ് ട്രംപിനെപ്പോലുള്ള നേതാക്കള്‍ അണിനിരത്തുന്ന വ്യാജ സിദ്ധാന്തങ്ങള്‍ രോഗത്തെ വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ പറയുന്നു. ഉദാഹരണത്തിന്, ലോകമെമ്പാടുമുള്ള ഏകദേശം 800 പേര്‍ ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മരിച്ചത് ഇത്തരമൊരു വ്യാജ സിദ്ധാന്തത്തെ തുടര്‍ന്നാണ്. വൈറസിനെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന സാന്ദ്രത ഉള്ള മദ്യം കഴിച്ചാല്‍ മതിയെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് നിരവധി പേരാണ് ഇതിനു പിന്നാലെ പോയത്. ആയിരക്കണക്കിന് പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ജേണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ രോഗവ്യാപനത്തിന് നിമിത്തമായത് ഇത്തരം തെറ്റായ സന്ദേശങ്ങളായിരുന്നുവെന്നു പറയുന്നു.
അതേസമയം, പുതിയ എസ്റ്റിമേറ്റുകള്‍ പ്രകാരം വൈറസിന്റെ രണ്ടാം വരവിനെ ചെറുക്കാന്‍ ഇപ്പോഴത്തെ സമൂഹത്തിനു കഴിയുമെന്നു ശാസ്ത്രലോകം പറയുന്നു. ഉദാഹരണത്തിന്, ന്യൂയോര്‍ക്ക്, ലണ്ടന്‍, മുംബൈ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ കാര്യമായ പ്രതിരോധശേഷി ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ‘ന്യൂയോര്‍ക്ക് സിറ്റിയിലും ലണ്ടനിലും ഗണ്യമായ പ്രതിരോധശേഷിയുള്ള പോക്കറ്റുകളുണ്ടെന്ന് വിശ്വസിക്കാന്‍ ഞാന്‍ തികച്ചും തയ്യാറാണ്,’ ഹാര്‍വാര്‍ഡ് ടിഎച്ചിലെ എപ്പിഡെമിയോളജിസ്റ്റ് ബില്‍ ഹാനേജ് പറഞ്ഞു.



