തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത. അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടും ഭരണ മുന്നണിക്ക് വിജയാന്തരീക്ഷം ഒരുക്കിയതില്‍ പ്രതിപക്ഷ ദൗര്‍ബല്യമാണ് പ്രധാനകാരണമെന്ന് യുഡിഎഫില്‍ തന്നെ വിമര്‍ശനം ശക്തമാണ്. വിജയ സാധ്യതകള്‍ക്കപ്പുറം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയെന്നും താഴേത്തട്ടില്‍ പരാതികളേറെയാണ്.
നേതാക്കള്‍ക്ക് ഏകപക്ഷീയ തീരുമാനങ്ങളെന്ന ആരോപണത്തിനും മൂര്‍ച്ഛയേറും. പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്ന നേരത്തെയുള്ള പരാതി ഇനിയും വ്യാപകമാകും. നേതാക്കളുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുള്ള കെ. മുരളീധരനും കെ. സുധാകരനും ഇന്നത്തെ രാഷ്ട്രീയകാര്യ സമിതിയിലും പൊട്ടിത്തെറിക്കുമെന്നുറപ്പാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും വടകരയില്‍ ആര്‍എംപിയുമായുളള സഹകരണവും ഉള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടില്‍ കെപിസിസി അധ്യക്ഷനെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് ഒരുവിഭാഗം.
ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയ നടപടി അനൗചിത്യമായെന്ന അഭിപ്രായക്കാര്‍ കോട്ടയത്തെ ഉള്‍പ്പെടെ ഫലം ഉയര്‍ത്തിക്കാട്ടി നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യും. ആരോപണങ്ങളെയും ആക്ഷേപങ്ങളെയും നേതൃത്വം എങ്ങനെ പ്രതിരോധിക്കുമെന്നതും ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ ചുവടുപിടിച്ച് വരുംദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികളുണ്ടായേക്കുമെന്നാണ് സൂചന.



