ഏപ്രിൽ 26-ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായ ഗുരുതരമായ സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടു. ന്യൂഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്വിസ് ഫ്ലൈറ്റ് LX147, പുലർച്ചെ 1:27 ഓടെ വിമാനത്തിന്റെ ഇടത് വശത്തെ എഞ്ചിൻ തകരാറിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആറു പേർക്ക് പരിക്കേറ്റ സംഭവത്തെ ഗുരുതരമായ ഒരു അപകടമായാണ് റിപ്പോർട്ട് പരമാർശിക്കുന്നത്.
232 യാത്രക്കാരും 13 ക്രൂ അംഗങ്ങളും ഉൾപ്പെടെ 245 പേരാണ് എയർബസ് എ330-343 വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ഏകദേശം 106 നോട്ട്സ് വേഗതയിൽ ഓടിക്കൊണ്ടിരിക്കെ ഇടത് വശത്തെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ഫ്ലൈറ്റ് ജീവനക്കാർ ടേക്ക് ഓഫ് റദ്ദാക്കിയതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പൈലറ്റുമാർ ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും അടിയന്തര സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.



