തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല ഡോ. സിസാ തോമസിന്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്‍റ് ഡയറക്ടറാണ് സിസാ തോമസ്. ഡോ എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് സര്‍ക്കാർ ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.ഈ ശുപാര്‍ശ തള്ളിയാണ് രാജ്ഭവന്‍റെ പുതിയ ഉത്തരവ്.

ഡിജിറ്റല്‍ സര്‍വകലാശാല വി സിക്ക് സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. സാങ്കേതിക സര്‍വകലാശാലയുടെ ഡയറക്ടറുടെ താത്ക്കാലിക ചുമതലയും കഴിഞ്ഞ മൂന്ന് മാസമായി സിസാ തോമസിനായിരുന്നു. ഇതിന് പിന്നാലെയാണ് വി സിയായും സിസാ തോമസിനെ തീരുമാനിച്ച് രാജ് ഭവന്‍ ഉത്തരവിറക്കിയത്.