വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2021 ലെ സമാധാന പുരസ്കാരത്തിനു നാമനിർദേശം ചെയ്തു. ഇസ്രായേലും യുനൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള സമാധാന കരാർ പുനഃസ്ഥാപിക്കുന്നതിന് മുൻകൈ എടുത്തതിനാണ് നോമിനേഷൻ.

നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ട്രൈബ്രിംഗ് ട്രംപിന്റെ നോമിനേഷൻ ഇതിനകം തന്നെ സമർപ്പിച്ചു. സമാധാനം സ്ഥാപിക്കുന്നതിന് ഇതിനുമുമ്പു പ്രവർത്തിച്ചിട്ടുള്ള രാഷ്ട്ര തലവന്മാരുടെ പേരുകൾ നോബൽ പീസ് പ്രൈസിന് നാമനിർദേശം ചെയ്തുവെങ്കിൽ, അവരേക്കാൾ ഈ അംഗീകാരം ലഭിക്കുന്നതിന് യോഗ്യനാണ് ട്രംപെന്ന് നാറ്റൊ പാർലിമെന്ററി അസംബ്ലി നോർവീജിയൻ ഡലിഗേഷൻ ചെയർമാൻ കൂടിയായ ക്രിസ്റ്റ്യൻ ട്രൈബ്രിംഗ് അവകാശപ്പെട്ടു.

ഞാൻ ട്രംപിന്റെ വലിയ ആരാധകനല്ലെങ്കിലും അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ ഒപ്പിടാനിരിക്കുന്ന എമിറേറ്റ്– ഇസ്രയേലി സമാധനകരാറിന് ചുക്കാൻ പിടിച്ചതാണ് എനിക്ക് പ്രേരണയായതെന്ന് ട്രൈബ്രിംഗ് പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ അതിർത്തിയെ കുറിച്ചുള്ള തർക്കത്തിലും നോർത്ത് കൊറിയ, സൗത്ത് കൊറിയയും തമ്മിലുള്ള തർക്കത്തിലും ഒരു പരിധിവരെ സമാധാനം കൈവരിക്കുന്നതിന് ട്രംപിന്റെ ഇടപെടൽ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.