ഡോക്‌ടേഴ്‌സിനെതിരെയുള്ള അക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഐ എം എ. അതിക്രമത്തിനെതിരെ കേന്ദ്രനയം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഐ എം എ വ്യക്തമാക്കി .

ഡോക്‌ടേഴ്‌സിനെതിരെയുണ്ടാകുന്ന അക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ല. ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ഉണ്ടായ ആക്രമണം അതിനീചവും സ്ത്രീത്വത്തിനെതിരെയുള്ളത്. ഡോക്‌ടേഴ്‌സിനെ സമരത്തിലേക്ക് തള്ളിവിടരുത്. ആരോഗ്യപ്രവർത്തകർ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കണമെന്നും ഐ എം എ നിർദേശിച്ചു.

ഇതിനിടെ, ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെജിഎംഒഎ കത്തയച്ചു. ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപെടുന്നു.

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ ചില നിർദേശങ്ങളും കെജിഎംഒഎ മുന്നോട്ടുവച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളെ സ്പെഷ്യൽ സോണുകളാക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ , സെക്യൂരിറ്റി ജീവനക്കാർ തുടങ്ങി ആശുപത്രികളിലെ സജ്ജീകരണം കൂട്ടണം. ആശുപത്രികളിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു