വാഷിങ്ടൻ ∙ ഡെൽറ്റാ വേരിയന്റിന്റെ വ്യാപനത്തെകുറിച്ചും ഇതു കൂടുതൽ ജീവിതങ്ങൾ അപകടപ്പെടുത്തുമെന്നും പ്രസിഡന്റ് ജൊ ബൈഡൻ മുന്നറിയിപ്പ് നൽകി. വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല. എല്ലാ വീടുകളിലും താമസിക്കുന്നവർക്ക് വാക്സീൻ ലഭിച്ചുവെന്ന് ഉറപ്പാക്കണം. ഈ ആവശ്യത്തിനുവേണ്ടി വീടുകൾ കയറിയിറങ്ങി വാക്സീൻ നൽകേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു. മാത്രമല്ല ആരാധനാലയങ്ങളിൽ വരുന്നവർക്കും വാക്സീൻ നൽകേണ്ടതുണ്ടെന്നും, ഇതു സംബന്ധിച്ചു ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു. ജൂലൈ 6 ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നൽകിയ ബ്രീഫിങ്ങിലാണു ബൈഡൻ ഇക്കാര്യങ്ങൾ‍ ഊന്നി പറഞ്ഞത്.

42,000 പ്രാദേശിക ഫാർമസികളിലും ജോലി സ്ഥലങ്ങളിലും സമ്മർ ഫെസ്റ്റിവലുകളിലും, മൊബൈൽ ക്ലിനിക്കുകളിലും വാക്സീൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. വ്യക്തിപര ചികിത്സാ തീരുമാനങ്ങളിലേക്കുള്ള ഗവൺമെന്റിന്റെ നുഴഞ്ഞു കയറ്റത്തിനെതിരെ പല റിപ്പബ്ലിക്കൻ നിയമ സാമാജികരും രംഗത്തെത്തിയിട്ടുണ്ട്. വാക്സീൻ സ്വീകരിക്കണമോ എന്നു തീരുമാനിക്കുന്നതിനുള്ള അവകാശം അമേരിക്കൻ പൗരന്മാർക്കു വിട്ടു നൽകണമെന്ന് ഇവർ അഭിപ്രായപ്പെട്ടു. നിർബന്ധപൂർവ്വം വാക്സീൻ സ്വീകരിക്കുന്നതിന് ഒരു അമേരിക്കൻ പൗരനും ഇഷ്ടപ്പെടുന്നില്ല, ഇതിൽ മിലിട്ടറി ഉദ്യോഗസ്ഥരും ഉൾപ്പെടുമെന്ന് ഇവർ പറഞ്ഞു.

പി പി ചെറിയാൻ