ന്യുഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് എന്‍.വ രമണ, ജസ്റ്റീസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്ന. വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.

വിരമിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കോണ് രാകേഷ് അസ്താനയുടെ നിയമനം. ഇത് 2018ലെ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എല്‍ ശര്‍മ്മയാണ് കോടതിയെ സമീപിച്ചത്. കോടതിവിധ പ്രകാരം രണ്ടു വര്‍ഷമെങ്കിലും സര്‍വീസ് അവശേഷിക്കുന്നവരെ മാത്രമേ ഉന്നത പദവിയില്‍ നിയമിക്കാവൂവെന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ആഭ്യന്തര മന്ത്രാലയത്തിലെ ഉേദ്യാഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മുന്‍ സി.ബി.ഐ ഓഫീസറായ അസ്താനയെ കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹി പോലീസ് മേധാവിയായി നിയമിച്ചത്. വിരമിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കേയായിരുന്നു ഇത്. ‘പൊതുതാല്‍പര്യം’ മൂന്‍നിര്‍ത്തി സര്‍വീസ് ഒരു വര്‍ഷം നീട്ടിക്കൊണ്ടുക്കുകയും ചെയ്തിരുന്നു. ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറായ അസ്താന ഡെപ്യുട്ടേഷനില്‍ അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം- കേന്ദ്ര ഭരണ പ്രദേശത്തിന്റെ കേഡറില്‍ എത്തിയാണ് ഡല്‍ഹി പോലീസ് തലപ്പത്ത് എത്തിയത്.

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തിനു വേണ്ടി മത്സരത്തില്‍ നിന്ന് അസ്താന ഒഴിവാക്കപ്പെട്ടതും വിരമിക്കാറായി എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു. സി.ബി.ഐ മേധാവിയാകാനുള്ള അയോഗ്യത നിലനില്‍ക്കേയാണ് ഡല്‍ഹി പോലീസ് മേധാവിയാകുന്നത്. ഇതിനെതിരെ കോണ്‍ഗ്രസും എഎപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.