ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികളില്‍ ചികിത്സ പ്രദേശവാസികള്‍ക്ക് മാത്രമാക്കിയ മുഖ്യ മന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. കെജ്‌രിവാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൊവിഡ് നേരിടുന്നതില്‍ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പരാജയമാണെന്നും എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് ജനങ്ങളോട് നുണ പറയുന്നുവെന്നും ബിജെപി ആരോപിച്ചു.
തെരുവില്‍ പ്രതിഷേധിച്ച ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേശ് കുമാര്‍ ഗുപ്ത അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹി സര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ ഡല്‍ഹി നിവാസികള്‍ക്ക് മാത്രം ചികിത്സയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്ന് രാവിലെയാണ് വ്യക്തമാക്കിയത്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം ബാധകമാണ്.
കേന്ദ്രസര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാമെന്നും അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം അവസാനത്തോടെ 15,000 കിടക്കകളുടെ ആവശ്യം വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് തീരുമാനമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. നാളെ അതിര്‍ത്തികള്‍ തുറക്കും.
കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനിടെയാണ് ഡല്‍ഹി സര്‍ക്കാരിന് കീഴിലേയും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലെയും ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചികിത്സയ്ക്കായി രോഗികള്‍ എത്തുന്നത് കിടക്കകളുടെ ദൗര്‍ലഭ്യത്തിന് കാരണമാകും.
അതേസമയം, ജൂണ്‍ അവസാനത്തോടെ പോസിറ്റീവ് കേസുകള്‍ ഒരു ലക്ഷം കടന്നേക്കുമെന്ന് ഡോ. മഹേഷ് വെര്‍മ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതി ഡല്‍ഹി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡല്‍ഹിയില്‍ പതിനഞ്ച് ദിവസം കൂടുമ്ബോള്‍ കേസുകള്‍ ഇരട്ടിക്കുന്നു. ജൂലൈ പകുതിയോടെ 42000 കിടക്കകള്‍ ആവശ്യമായി വരുമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാണ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയത്.