ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുഴുവന്‍ കോവിഡ് രോഗികള്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാളിന്റെ ഉത്തരവ് പിന്‍വലിച്ചു. വിവാദ ഉത്തരവിനെതിരേ കെജ്‌രിവാള്‍ സര്‍ക്കാര്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ലഫ്. ഗവര്‍ണര്‍ ഉത്തരവ് പിന്‍വലിച്ചത്.

ക്ലിനിക്കല്‍ പരിശോധനയില്‍ ആശുപത്രി ചികിത്സ ആവശ്യമില്ലെന്ന് കണ്ടെത്തുന്ന കോവിഡ് രോഗികളില്‍ വീടുകളില്‍ ഹോം ഐസൊലേഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രമേ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ആവശ്യമുള്ളുവെന്നും ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെ ലഫ്. ഗവര്‍ണര്‍ ട്വീറ്ററിലൂടെ വ്യക്തമാക്കി.

രാജ്യമെമ്ബാടുമുള്ള രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷന്‍ മതിയെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശമുള്ളപ്പോള്‍ ഡല്‍ഹിയില്‍ പ്രത്യേക ഉത്തരവെന്തിനാണെന്നായിരുന്നു കെജ്​രിവാളിന്‍െറ ചോദ്യം. ഡല്‍ഹിയില്‍ ഭൂരിപക്ഷം കോവിഡ് ബാധിതരും രോഗലക്ഷണം കാണിക്കാത്തവരാണ്. ഇവരെ ക്വാറന്‍റീന്‍ ചെയ്യാനുള്ള സൗകര്യം എങ്ങനെ ഒരുക്കുമെന്ന്​ ഡല്‍ഹി ദുരന്ത നിവാരണ സമിതി യോഗത്തിനിടെ കെജ്​രിവാള്‍ ചോദിച്ചിരുന്നു.

കോവിഡ് രോഗികളെ ഹോം ക്വാറന്റീന് അയക്കുന്നതിന് മുമ്ബായി അഞ്ചു ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നല്‍കണമെന്ന ഉത്തരവ് വെള്ളിയാഴ്ചയാണ് ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയിരുന്നത്.