യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന്, കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ കേരളം ചൂട് പിടിച്ചു. സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തി.

ഒടുവില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടിയില്‍ നിന്നും രക്ഷപ്പെടാനായി ജൂണ്‍ 13 ന് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇ പി ജയരാജനും കയറി. എന്നാല്‍, പിന്നാലെ കയറിയ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയെ തിരുവനന്തപുരം വിമാനത്തില്‍ വച്ച് കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചു. ഈ സമയം ഇ പി ജയരാജന്‍ പ്രതിഷേധക്കാരെ ഒരു പ്രത്യേക ആക്ഷനിലൂടെ തള്ളിമാറ്റി മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിച്ചു.

ഈ കേസില്‍ ഇന്‍ഡിഗോ സ്വതന്ത്ര അന്വേഷണം നടത്തുകയും ഒടുവില്‍ പ്രതിഷേധക്കാര്‍ക്ക് രണ്ട് ആഴ്ചത്തെ യാത്രവിലക്കും ഇ പി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രവിലക്കും ഏര്‍പ്പെടുത്തി. ഇത് സിപിഎമ്മിലും അണികളിലും ഒരു പോലെ പ്രതിഷേധത്തിനിടയാക്കി.

താനിനി ഇന്‍ഡിഗോ കമ്പനിയുടെ വിമാത്തില്‍ യാത്ര ചെയ്യില്ലെന്ന് ഇ പി ജയരാജന്‍ ശപഥമെടുത്തു. ഇതോടെ ട്രോളന്മാരും രംഗത്തെത്തി. ‘ചിറ്റപ്പനോടെന്താ ചിറ്റമ്മ നയം’ എന്ന് ട്രോളന്മാരും ചോദിച്ചു. ഇതില്‍ കുപിതനായ ഇപി ട്രോളന്മാര്‍ക്കെതിരെയും തിരിഞ്ഞു. ഇതോടെ ട്രോളന്മാര്‍ ഇപിയെ അക്ഷരാര്‍ത്ഥത്തില്‍ എയറിലാക്കി.