പശ്ചിമ ബംഗാളിലെ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിൻ അപകടത്തിൽ(Kanchanjunga train accident) രാഷ്ട്രീയ വിവാദം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെ മുൻകാല ട്രെയിൻ ദുരന്തങ്ങളും ചർച്ചയായി. 2004-2014 ലെ യുപിഎ സർക്കാരിനേക്കാൾ മികച്ച രീതിയിൽ 2014 മുതലുള്ള എൻഡിഎ സർക്കാർ റെയിൽവേ കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന താരതമ്യത്തിനിടെയാണ് ഈ ചർച്ച.
യുപിഎ സർക്കാരിനെ അപേക്ഷിച്ച് എൻഡിഎ സർക്കാരിൻ്റെ കാലത്ത് ട്രെയിൻ അപകടങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഇന്ത്യാ ടുഡേ ടിവി ആക്സസ് ചെയ്ത സർക്കാർ ഡാറ്റ വെളിപ്പെടുത്തുന്നു. 2004 മുതൽ 2014 വരെ 1,711 റെയിൽവേ അപകടങ്ങളാണ് ഉണ്ടായത്. ഇതിനു വിപരീതമായി, 2014 മുതൽ 2023 മാർച്ച് വരെ, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഭരണത്തിൻ കീഴിൽ ഈ അപകടങ്ങളുടെ എണ്ണം 638 ആയി കുറഞ്ഞു.
യുപിഎ കാലത്ത് ട്രെയിൻ അപകടങ്ങളിൽ 2,453 പേർ മരിക്കുകയും 4,486 പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ എൻഡിഎ കാലത്ത് 781 മരണങ്ങളും 1,543 പരിക്കുകളും രേഖപ്പെടുത്തി. യുപിഎ കാലഘട്ടത്തിൽ 2002-2014 കാലയളവിൽ 867 ട്രെയിൻ പാളം തെറ്റൽ കേസുകൾ രേഖപ്പെടുത്തിയപ്പോൾ എൻഡിഎ കാലത്ത് 2014-2023 കാലയളവിൽ 426 സംഭവങ്ങൾ ഉണ്ടായി. യുപിഎ ഭരണത്തിൽ പ്രതിവർഷം ട്രെയിൻ പാളം തെറ്റുന്നതിൻ്റെ ശരാശരി എണ്ണം 86.7 ആയിരുന്നു. എന്നിരുന്നാലും, എൻഡിഎ ഭരണത്തിന് കീഴിൽ 2014 നും 2023 നും ഇടയിൽ ഈ എണ്ണം പ്രതിവർഷം 47.3 ആയി കുറഞ്ഞു.



