അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശവുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. സ്കൂളുകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ലെന്നും അമേരിക്കയിലുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കുനേരെ മുഖം തിരിക്കുകയാണ് ട്രംപെന്നും ബൈഡന്‍ ആരോപിച്ചു.

സമരക്കാരെ അധിക്ഷേപിക്കുകയും അരക്ഷിതാവസ്ഥ നീട്ടിക്കൊണ്ടുപോകാനുമാണ് ട്രംപ് ശ്രമിക്കുന്നത്. കോവിഡ് മരണവും ദേശീയ സാമ്ബത്തിക സ്ഥിതിയും തൊഴിലില്ലായ്മയും വര്‍ധിച്ചു. കുഞ്ഞുങ്ങളെ സ്കൂളുകളിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഭയവും ഭിന്നിപ്പും വര്‍ധിപ്പിക്കാനല്ല. സ്കൂളുകള്‍ തുറക്കാനായി നിലവിലെ ഫെഡറല്‍ ദുരന്തനിവാരണ നിയമങ്ങളിലൂടെ ഫണ്ട് അനുവദിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുമെന്നും ബൈഡന്‍ പറഞ്ഞു.അതേസമയം, നോര്‍ത്ത് കരോലിനയിലെ പ്രചാരണറാലിയില്‍ വീണ്ടും ട്രംപ് വിദ്വേഷ പ്രസംഗം നടത്തി. അക്രമികളാണ് സമരം ചെയ്യുന്നതെന്നും ഇവരെ അടിച്ചമര്‍ത്താന്‍ ശക്തി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക നേതാക്കള്‍ ഫെഡറല്‍ സര്‍ക്കാരിന്റെ സഹായം ചോദിച്ചാല്‍ കേവലം ഒരു മണിക്കൂറില്‍ സമരം അടിച്ചമര്‍ത്താം. തെരുവില്‍ ആക്രമണം അഴിച്ചുവിട്ടതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് ബൈഡന്‍ ആണെന്നും ട്രംപ് ആരോപിച്ചു.

കുറ്റക്കാരായ പൊലീസുകാരെ അറസ്റ്റ് ചെയ്യണം
ജേക്കബ് ബ്ലേക്കിനെ വെടിവച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെയും ബ്രിയോണ ടെയ്ലറിന്റെ കൊലപാതകികളെയും അറസ്റ്റ് ചെയ്യണമെന്ന് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. അതേസമയം, പൗരാവകാശ സമരങ്ങളുടെ മറവില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ നടപടി വേണമെന്നും ബൈഡന്‍ പറഞ്ഞു. ജേക്കബ് ബ്ലേക്കിന്റെ സംഭവത്തെതുടര്‍ന്ന് കിനോഷയില്‍ ഏര്‍പ്പെടുത്തിയ നിശാനിയമം പിന്‍വലിച്ചു.