വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേയുള്ള അന്വേഷണങ്ങള്‍ തുടരണമെന്ന് ന്യൂസ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. എന്‍ബിസി നടത്തിയ സര്‍വേയിലാണ് 57 ശതമാനം വോട്ടര്‍മാരും അന്വേഷണം തുടരണമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. മുന്‍ പ്രസിഡന്റിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അനേഷണം തുടരണമെന്നാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ എഫ്ബിഐ നടത്തിയ റെയ്ഡില്‍ അതീവ രഹസ്യ രേഖകള്‍ പിടിച്ചെടുത്തതായി സ്ഥിരീകരിച്ചിരുന്നു.
രാജ്യം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്നാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നു. ഓഗസ്റ്റ് 12 മുതല്‍ 16 വരെയാണ് സര്‍വേ നടത്തിയത്. 57 ശതമാനംപേര്‍ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെടുമ്പോള്‍ 40 ശതമാനംപേര്‍ അന്വേഷണം നിറുത്തിവയ്ക്കണമെന്ന് അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സര്‍വേ ഫലം അപഗ്രഥിക്കുമ്പോള്‍, 92 ശതമാനം ഡെമോക്രാറ്റിക് വോട്ടര്‍മാരും 61 ശതമാനം സ്വതന്ത്രരും 21 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുമാണ് ട്രംപിനെതിരേയുള്ള അന്വേഷണത്തെ അനുകൂലിച്ചത്.



