വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മറ്റു ഉയർന്ന യുഎസ് ഉദ്യോഗസ്ഥർ എന്നിവർക്ക് കോവിഡ് വാക്സീൻ ആദ്യഘട്ടത്തില്‍ തന്നെ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. പത്തു ദിവസത്തിനുള്ളിൽ വൈറ്റ് ഹൗസിലെ പ്രധാന ഉദ്യോഗസ്ഥർക്കും സർക്കാരിന്റെ മൂന്നു വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കും വാക്സീൻ നൽകും.
അതേസമയം, കോവിഡ് ബാധിക്കുകയും രോഗമുക്തനാകുകയും ചെയ്തതിനാൽ ട്രംപിന് ഉടൻ തന്നെ വാക്സീൻ ലഭ്യമാക്കുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതുപോലെ തന്നെ, നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ബൈഡന്റെ ട്രാൻസിഷൻ സംഘാംഗങ്ങൾ എന്നിവർക്ക് വാക്സീൻ നൽകുമോയെന്നതിലും വ്യക്തതയില്ല.
കഴിഞ്ഞ ദിവസം ലോകത്തെ ആദ്യ അംഗീകൃത കോവിഡ് വാക്സീനായ ഫൈസർ ബയോൺടെക് വാക്സീൻ ഉപയോഗിക്കാൻ യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്വൈസറി പാനല്‍ ശുപാർശ നൽകിയിരുന്നു. തിങ്കളാഴ്ച രാജ്യത്തെ 145 സ്ഥലങ്ങളിലാണ് വാക്സീൻ ഡോസ് എത്തിക്കുക. ആരോഗ്യപ്രവർത്തകർ, കെയർ ഹോമിലുള്ള പ്രായമേറിയവർ എന്നിവർക്കാണ് പ്രഥമപരിഗണന.
സർക്കാരിന്റെ സുഗമ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ ഉല്ല്യോട്ട്, എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥർ, കോൺഗ്രസ്, ജുഡീഷ്യറി എന്നിവർക്കും വാക്സീൻ തുടക്കത്തിൽ തന്നെ ഉറപ്പുവരുത്തും.