കോഴിക്കോട്: ലോകത്തെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ ഉൾപ്പെട്ട കേരളത്തെ അഭിനന്ദിച്ച് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ. ട്വിറ്ററിലൂടെയാണ് നഡ്ഡ കേരളത്തിനുള്ള അഭിനന്ദനം അറിയിച്ചത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു നഡ്ഡയുടെ ട്വീറ്റ്.

‘രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. ടൈം മാഗസിന്റെ ലോകത്തിലെ മഹത്തായ സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേരളത്തെ അംഗീകരിച്ചിരിക്കുകയാണ്. അത്യാകർഷകമായ കേരളത്തിന്റെ സൗന്ദര്യം അംഗീകരിക്കപ്പെട്ടതിന് കേരളത്തെ അഭിനന്ദിക്കുന്നു’, നഡ്ഡ ട്വീറ്റ് ചെയ്തു.

ടൈം മാഗസിന്റെ 2022-ൽ കണ്ടിരിക്കേണ്ട ലോകത്തെ അതിമനോഹരമായ 50 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളം ഇടംനേടിയത്. അസാധാരണ ലക്ഷ്യസ്ഥാനമാണ് കേരളമെന്നാണ് മാഗസിൻ നൽകുന്ന വിശേഷണം. മനംനിറയ്ക്കുന്ന കടലോരം, സമൃദ്ധമായ കായലോരം, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ എന്നിവയാൽ അനുഗൃഹീതമായ കേരളം ഇന്ത്യയിലെ ഏറ്റവും മനോഹര സംസ്ഥാനങ്ങളിലൊന്നാണെന്ന് മാഗസിൻ വിലയിരുത്തി.

പുതിയ വാഗ്ദാനങ്ങളും അനുഭവങ്ങളും പ്രദാനംചെയ്യുന്ന ലോകത്തെ ഏറ്റവും അതിമനോഹരസ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കാൻ രാജ്യാന്തരതലങ്ങളിൽനിന്ന് ടൈം മാഗസിൻ നാമനിർദേശം തേടിയിരുന്നു. ആദ്യത്തെ ലോക പൈതൃകനഗരമായി യുനെസ്കോ തിരഞ്ഞെടുത്ത അഹമ്മദാബാദും ഇന്ത്യയിൽനിന്ന് ഇടംപിടിച്ചിട്ടുണ്ട്.