പി. പി. ചെറിയാന്‍
ഓസ്റ്റിൻ ∙ പെൻസിൽവേനിയ, ജോർജിയ, മിഷിഗൺ, വിസ്കോൺസിൽ തുടങ്ങിയ നാലു ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളിലെ വോട്ടിംഗ് നിയമങ്ങളിൽ നിയമാനുസൃതമല്ലാത്ത മാറ്റങ്ങൾ വരുത്തി തിരഞ്ഞെടുപ്പു ഫലങ്ങൾ അട്ടിമറിച്ചു എന്ന് ആരോപിച്ചു ടെക്സസ് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ സമർപ്പിച്ച തിരഞ്ഞെടുപ്പു കേസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്ലോറിഡാ, ഒക്കലഹോമ ഉൾപ്പെടെ 16 സംസ്ഥാനങ്ങളും കക്ഷി ചേരുന്നു. വോട്ടർമാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കേസിന്റെ വിധി എന്തായിരിക്കുമെന്ന് പ്രവചിക്കാനായില്ല.

ഡിസംബർ 9 ബുധനാഴ്ച പ്രസിഡന്റിനെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതായി ട്രംപ് ട്വിറ്ററിൽ കുറിച്ചു. സുപ്രധാന നാലു സംസ്ഥാനങ്ങളിലും ബൈഡൻ വിജയിച്ചത് നിയമാനുസൃതമല്ലാ എന്നാണ് ഇവരുടെ വാദം. സുപ്രീം കോടതി മാത്രമാണ് ഈ വിഷയത്തിൽ ഒരു തീരുമാനം സ്വീകരിക്കുന്നതിന് അനുയോജ്യമായ സ്ഥലമെന്ന് ടെക്സസ് സംസ്ഥാന ഹർജിയിൽ പങ്കു ചേർന്ന് ഒക്കലഹോമ അറ്റോർണി ജനറൽ മൈക്ക് ഹണ്ടർ പറഞ്ഞു.

സുപ്രധാന നാലു സംസ്ഥാനങ്ങളും ഇലക്ടേഴ്സ് ക്ലോസും, യുഎസ് ഭരണഘടനയുടെ പതിനാലാമത് അമന്റ്മെന്റും ലംഘിച്ചതായി ഹണ്ടർ ആരോപിച്ചു.

ഈ നാലു സംസ്ഥാനങ്ങളിലും പുതിയ തിരഞ്ഞെടുപ്പ് നടത്തുകയോ, അല്ലെങ്കിൽ പുതിയ ഇലക്ടറൽ കോളേജ് അംഗങ്ങളെ പുതിയതായി തിരഞ്ഞെടുക്കുകയും വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പെൻസിൽവാനിയ തിരഞ്ഞെടുപ്പ് റിവേഴ്സ് ചെയ്യണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച റിപ്പബ്ലിക്കൻ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഡിസംബർ 14നാണ് തിരഞ്ഞെടുപ്പ് സർട്ടിഫൈ ചെയ്യുന്നതിന് ഇലക്ടറൽ കോളേജ് സമ്മേളിക്കുന്നത്.