കെർവില്ലി (ടെക്സസ്) ∙ ടെക്സസ് സംസ്ഥാനത്തെ കെർവില്ലിയിൽ സ്ഥിതി ചെയ്യുന്ന വാൾമാർട്ടിൽ മാസ്സ് ഷൂട്ടിങ്ങിനു പദ്ധതിയിട്ട കോൾമാൻ തോമസ് ബെയ്‍വിൻസ് (28) എന്ന യുവാവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി കെസിഎസ്ഒ സ്പെഷൽ ഓപ്പറേഷൻസ് ഡിവിഷൻ അറിയിച്ചു. ഭീകരാക്രമണ ഭീഷണി മുഴക്കി പൊതുജനങ്ങളെ ഭയവിഹ്വലരാക്കി എന്നതാണ് ഇയാൾക്കെതിരെ ചാർജ് ചെയ്തിരിക്കുന്ന കേസ്സ്. ഡിപിഎസ്, സിഐസി, എഫ്ബിഐ എന്നിവർ സംയുക്തമായി ഒരുക്കിയ കെണിയിൽ കോൾമാൻ അകപ്പെടുകയായിരുന്നു.

അറസ്റ്റിനുശേഷം കോൾമാന്റെ വീട്ടിൽ നടത്തിയ തിരച്ചലിൽ തോക്കുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പിടിച്ചെടുത്തു. തീവ്രവാദി ഗ്രൂപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരുന്നു. കോൾമാനെതിരെ ഫെലൊന്നി പ്രൊബേഷൻ നിലനിൽക്കുന്നുണ്ടായിരുന്നുവെന്നും, ഫയർ ആം കൈവശം വയ്ക്കുന്നതിനു അനുമതിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത കോൾമാനെ കെർ കൗണ്ടി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. അമേരിക്കയിൽ ഈയിടെ മാസ് ഷൂട്ടിങ് വർധിച്ചുവരികയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ സംഭവം നേരത്തെ കണ്ടെത്തി നടപടി സ്വീകരിച്ചതിനാൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി വിശ്വസിക്കുന്നതായും പൊലീസ് അറിയിച്ചു.