ടെക്സസ് നിയമസഭയിലെ ഡമോക്രാറ്റിക് ജനപ്രതിനിധികൾ പലായനത്തിലാണ്. 50 ൽ അധികം വരുന്ന ഇവർ ഒരു സ്വകാര്യ ജറ്റ് വിമാനത്തിലാണ് യാത്ര ചെയ്തത്. യാത്രയുടെ ചെലവും ഡിസിയിലെ പ്ലാസ ഹോട്ടലിലെ താമസവും വളരെ വലുതും ചെറുതുമായ ദാതാക്കളുടെ ചെലവിലാണ് എന്നാണ് റിപ്പോർട്ടുകൾ.
ടെക്സസ് നിയമസഭയുടെ കഴിഞ്ഞ സമ്മേളനം ഉപേക്ഷിച്ച് ഡെമോക്രാറ്റ് പ്രതിനിധികൾ പലായനം ചെയ്തതിനാൽ ചില ബില്ലുകൾ മുന്നോട്ടു കൊണ്ടുപോകാൻ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് കഴിഞ്ഞില്ല. 150 അംഗംങ്ങളുള്ള ജനപ്രതിനിധി സഭയിൽ മൂന്നിൽ രണ്ട് അംഗങ്ങളില്ലെങ്കിൽ കോറം ആവില്ല. നടപടികൾ നടത്തിക്കൊണ്ട് പോകാനുമാവില്ല, വോട്ടർ ഫ്രോഡ് നിയന്ത്രിക്കുവാൻ കഴിഞ്ഞ സമ്മേളനത്തിൽ റിപ്പബ്ലിക്കനുകൾ കൊണ്ടുവന്ന ബില്ലുകൾ കാലഹരണപ്പെട്ടു.
ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ജൂലൈ 8 മുതൽ ഓഗസ്റ്റ് 6 വരെ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനം നടക്കുകയാണ്. ഇപ്പോൾ റിപ്പബ്ലിക്കനുകൾ പാസ്സാക്കുവാൻ ഉദ്ദേശിക്കുന്നത് വോട്ടിങ് റൈറ്റ്സ് ലെജിസ്ലേഷനും മറ്റൊരു അനുബന്ധ ബില്ലുമാണ്. ഇവ പാസാക്കാതിരിക്കുവാനാണ് ഡെമോക്രാറ്റ് പ്രതിനിധികൾ ഡിസിയിൽ തമ്പടിച്ചിരിക്കുന്നത്.
ഒരു പോൾ വാച്ചറിന് അവസര നിഷേധിക്കുന്നതിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുവാൻ ഒരു ബിൽ സഭയ്ക്കു അധികാരം നൽകുന്നു. പോൾ വാച്ചേഴ്സിന് ഇതിനെതിരെ കേസ് കൊടുക്കുകയും ഇലക്ഷൻ ഒഫീഷ്യൽസിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യാം. നടപടികൾ സ്വീകരിക്കുമെന്ന് ആദ്യം മുന്നറിയിപ്പ് നൽകാം.
വോട്ടു ചെയ്യുന്നത് കൂടുതൽ സുഗമമാക്കിയ ഡെമോക്രാറ്റുകൾ ഭരിക്കുന്ന കൗണ്ടികളുടെ നടപടി റദ്ദു ചെയ്യാനുള്ള ബില്ലും പരിഗണനയിലുണ്ട്. പൂർത്തിയാക്കിയ ബാലറ്റുകൾ ഡ്രോപ് ബോക്സുകളിൽ ഇടുന്നതും റദ്ദാക്കും. മെയിൽ ബാലറ്റുകൾ പൂർത്തിയാക്കി മെയിലിൽ അയയ്ക്കാം. ഇലക്ഷൻ ഓഫീസർമാർ വോട്ടർമാർ ആവശ്യപ്പെടാതെ അവർക്ക് ആബ്സെന്റ് ബാലറ്റ് ആപ്ളിക്കേഷൻസ് അയച്ചുകൊടുക്കുന്നതും നിർത്താൻ ഉദ്ദേശിക്കുന്നു.
ഇത് വളരെ അപൂർവമായി ഉണ്ടായ മഹാമാരിയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയതാണെന്നും ഇനി തുടരേണ്ടതില്ലെന്നും റിപ്പബ്ലിക്കനുകൾ വാദിക്കുന്നു.
മെയിലിൽ വോട്ടു ചെയ്യുവാൻ ഏറെ പ്രയാസമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ടെക്സസ്. 65 വയസ്സു അതിന് മുകളിലും പ്രായമുള്ളവർക്കും ശാരീരിക ക്ഷമതയില്ലാത്തവർക്കുമാണ് വോട്ട് ബൈ മെയിൽ അനുവദിച്ചിരുന്നത്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ടെക്സസിലും പുറത്തും ഉള്ള റിപ്പബ്ലിക്കനുകൾ വോട്ട് ബൈ മെയിലിലെ ഫ്രോഡ് ആരോപണങ്ങൾ ധാരാളമായി ഉയർത്തിയപ്പോൾ നിബന്ധനകൾ കൂടുതൽ കടുപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.
ബിൽ അനുസരിച്ച് മെയിൽ ഇൻ വോട്ടേഴ്സ് ഓൺവലോപ്പിന് മുകളിൽ ഐഡന്റിഫിക്കേഷൻ നമ്പർ നൽകണം. ഇത് വോട്ടർ രജിസ്ട്രേഷൻ ഡേറ്റയിലുള്ളത് തന്നെ ആയിരിക്കണം. ഡ്രൈവേഴ്സ് ലൈസൻസ് നമ്പരും ഉൾപ്പെടുത്തണം. അല്ലെങ്കിൽ സോഷ്യൽ സെക്യൂരിറ്റി നമ്പരിലെ അവസാന നാല് അക്കങ്ങൾ രേഖപ്പെടുത്തണം.
ഈ നിബന്ധനകളെ എതിർക്കുന്നവർ ജോർജിയയിലെ പോലെ ചില ചെറിയ പിശകുകൾ വരുത്താമെന്ന് പറയുന്നു. കൂടുതൽ നിബന്ധനകളും പേപ്പർ വർക്കുകളും ബാലറ്റുകൾ തിരസ്കരിക്കുന്നതിന് കാരണമാകുമെന്നും വാദിക്കുന്നു.
ടെക്സസ് ബില്ലുകൾ ചില ക്രിമിനൽ നടപടികൾ ഉൾക്കൊള്ളിച്ചിരിക്കുന്നതും വിവാദമായിട്ടുണ്ട്. ഇലക്ഷൻ നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ പറയുന്ന ക്രിമിനൽ നടപടികൾ വോട്ടർമാരെയും അവർക്ക് വേണ്ടി ഫോമുകൾ പൂരിപ്പിക്കുന്നവരെയും ഭയത്തിലാക്കിയേക്കും. റിപ്പബ്ലിക്കനുകൾ വാദിക്കുന്നത് ഫ്രോഡുകൾ തടയുവാനും നിയമം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കുവാനും ശ്രമിക്കുന്നവരെ ഇത് തടയുമെന്നാണ്.
നിലവിലുള്ള നിയമത്തിൽ വോട്ടർമാരെ സഹായിക്കുന്നവർ തങ്ങളെ സംബന്ധിക്കുന്ന ചില വിവരങ്ങൾ കവറിന് മുകളിൽ നൽകണം. ഇവ നൽകാത്തവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് പുതിയ നിയമം പറയുന്നു. ഇതും വിമർശകരുടെ കയ്യിൽ ആയുധമാണ്. ഡെമോക്രാറ്റുകൾ തങ്ങളുടെ പെർ ഡയംസ് –221 ഡോളർ ഒരു ദിവസം വീതം തിരിച്ചുനൽകണമെന്ന് സ്പീക്കർ ഡേഡ് ഫേലൻ (ബ്യുമോണ്ട് പ്രതിനിധി) ആവശ്യപ്പെട്ടു. ഫിൽ ചെയ്യുകയും സീൽ ചെയ്യുകയും ചെയ്ത വോട്ടുകൾ വോട്ടർമാരിൽ നിന്ന് ശേഖരിക്കുന്നവർക്കെതിരെ നടപടി എടുക്കുവാൻ നിയമം അനുശാസിക്കുന്നു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എസിഎൽയു) ഈ വകുപ്പ് വ്യക്തമല്ലെന്ന് വാദിക്കുന്നു. ഗെറ്റ് ഔട്ട് ആന്റ് വോട്ട് പ്രചാരണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ഇവർ പറയുന്നു. ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്ന ഒരു വകുപ്പും നിയമത്തിലുണ്ട്. സഭ കുറ്റക്കാരായി കോടതി വിധിച്ചു കഴിഞ്ഞവരെ അവർക്ക് വോട്ടു ചെയ്യാനാവില്ല എന്നറിയിക്കണമെന്ന് ഈ വകുപ്പ് നിഷ്കർഷിക്കുന്നു.



