ഓസ്റ്റിൻ ∙ സ്റ്റെ അറ്റ് ഹോം ഉത്തരവ് ഔദ്യോഗീകമായി ടെക്സസ് സംസ്ഥാനത്തു പിൻവലിച്ചശേഷം ആദ്യമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. മേയ് 1 മുതൽ സംസ്ഥാനം ഭാഗീകമായി പ്രവർത്തനനിരതമായതിനുശേഷം, ഒരൊറ്റ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം 1935 ആണെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസിന്റെ ഔദ്യോഗീക അറിയിപ്പിൽ പറയുന്നു.
ജൂൺ 8 തിങ്കളാഴ്ചയാണ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡിട്ടത്. മേയ് അഞ്ചിനായിരുന്നു ഇതിനു മുമ്പു ഏറ്റവും കൂടുതൽ രോഗികളെ ഒറ്റ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് (1888).
ടെക്സസിൽ അവസാനമായി ലഭിച്ച കണക്കനുസരിച്ചു ഇതുവരെ 75400 കോവിഡ് 19 രോഗികളാണ് ഉള്ളതെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പഠന റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. 1836 പേർ ഇതിനകം മരിച്ചിട്ടുണ്ട്. 50439 രോഗികൾക്ക് സുഖം പ്രാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനം വീഴ്ച വരുത്തിയതാണ് രോഗനിരക്ക് ഉയരുന്നതിനുള്ള കാരണം മാസ്ക് ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ടെങ്കിലും പലരും ഇതു അത്ര ഗൗരവമായി എടുത്തിട്ടില്ലാത്തതും രോഗം വർധിക്കുന്നതിന് കാരണമാണ്.