സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സമ്പൂർണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി വാക്സിനേഷൻ ശക്തിപ്പെടുത്താൻ മുൻതൂക്കം നൽകണമെന്ന് ദേശീയ ആരോ​ഗ്യവിദ​ഗ്ധരുമായി സംസ്ഥാന സർക്കാർ നടത്തിയ യോ​ഗത്തിൽ നിർദേശം നൽകിയിരുന്നു.

ഇതിനിടെ സംസ്ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേർ ഇതിനോടകം കൊവിഡ് വാക്സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിൻ സ്വീകരിച്ചവർക്കും പിന്നീട് രോഗബാധയുണ്ടാവുന്നുണ്ട്. ഇതിൽ ആശങ്കയുടെ ആവശ്യമില്ല. വാക്സിൻ എടുക്കാത്ത മുതിർന്ന പൗരൻമാരാണ് കൊവിഡ് വന്ന് മരണപ്പെട്ടവരിലേറെഎന്നും മുഖ്യമന്ത്രി വ്യക്തമാക്കി.