ദില്ലി: അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന വാദങ്ങളെ തള്ളി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. താന്‍ രാഷ്ട്രീയക്കാരന്‍ പോലുമല്ലെന്ന് ഗൊഗോയ് പറഞ്ഞു. തനിക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ ഒരു ആഗ്രഹവുമില്ല. എന്നോട് ഇതുവരെ ആരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് പോലും പറഞ്ഞിട്ടില്ലെന്നും ഗൊഗോയ് പറഞ്ഞു. അതേസമയം രാജ്യസഭായിലേക്ക് താന്‍ വന്നത് ഒരിക്കലും സജീവ രാഷ്ട്രീയത്തിലേക്ക് വരാനുള്ള എന്റെ കാല്‍വെപ്പ് അല്ലെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. നേരത്തെ ബിജെപിയും കോണ്‍ഗ്രസിന്റെ വാദങ്ങളെ തള്ളിയിരുന്നു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഒരാളും രാഷ്ട്രീയ പാര്‍ട്ടിയുടെ നോമിനിയായ ഒരാളും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് മനസ്സിലാവാത്തത് നിര്‍ഭാഗ്യകരമാണ്. ഞാന്‍ ബോധപൂര്‍വമാണ് നോമിനേറ്റഡ് അംഗമാകാന്‍ തീരുമാനിച്ചത്. ഇത് എനിക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള അവസരമൊരുക്കും. അതിലൂടെ എനിക്ക് സ്വതന്ത്ര നിലപാടും എടുക്കാം. ഇത്തരമൊരു കാര്യം എന്നെ രാഷ്ട്രീയക്കാരനാക്കി മാറ്റുമോ എന്നും ഗൊഗോയ് ചോദിക്കുന്നു.

്‌കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ തരുണ്‍ ഗൊഗോയിയാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഗൊഗോയി ആയിരിക്കുമെന്ന് പറഞ്ഞു. എനിക്ക് ഇക്കാര്യത്തില്‍ കൃത്യമായ സോഴ്‌സുകളുണ്ട്. ബിജെപിയുടെ പട്ടികയില്‍ രഞ്ജന്‍ ഗൊഗോയിയുടെ പേരുണ്ട്. ബിജെപിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. രാമക്ഷേത്ര വിധിയില്‍ ബിജെപി സന്തോഷത്തിലാണ്. അതുകൊണ്ടാണ് രഞ്ജന്‍ ഗൊഗോയിയെ പരിഗണിക്കുന്നത്. രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം അദ്ദേഹം തള്ളാതിരുന്നത് സജീവ രാഷ്ട്രീയത്തിലെ താല്‍പര്യം കാരണമാണെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.

ഇതിന് പിന്നാലെ തരുണ്‍ ഗൊഗോയിക്കെതിരെ ബിജെപി അസം ഘടകം രംഗത്തെത്തി. ആളുകള്‍ ഇത്തരം അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. പ്രത്യേകിച്ച്‌ പ്രായമാവുമ്ബോള്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കാം. തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന അത്തരത്തില്‍ കണ്ടാല്‍ മതി. ഒരുപാട് മുന്‍ മുഖ്യമന്ത്രിമാരെ മുമ്ബ് കണ്ടിട്ടുണ്ട്. എന്നാല്‍ ആരും ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നും അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജീത്ത് കുമാര്‍ ദാസ് പറഞ്ഞു.