തിരുവനന്തപുരം: ഒപ്പമുണ്ടായിരുന്ന പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് നന്ദി പറഞ്ഞു ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അവര്‍ നല്‍കിയ പിന്തുണക്ക് നന്ദിപറഞ്ഞത്. ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞതിനൊപ്പം അവരുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.
മന്ത്രിപ്പണിയുടെ ഉത്തരവാദിത്തമൊഴിയുമ്ബോള്‍, എന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ. രണ്ടു ടേമിലും സുപ്രധാന ചുമതലകളില്‍ ഒരേ ടീമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പരിചയവും പ്രവര്‍ത്തനവും വഴി രൂപപ്പെട്ട ആത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. പരിഷത്ത്കാലം മുതല്‍ തുടങ്ങിയ സൌഹൃദം. വിശ്രമമെന്തെന്നറിയാതെ പണിയെടുക്കാന്‍ ഒരു മടിയുമില്ലാത്ത ഈ ടീം കണ്ണും കാതും തുറന്ന് എന്റെ ഓഫീസിലുണ്ടായിരുന്നു. ധനമന്ത്രി എന്ന നിലയില്‍ എന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഈ ടീം നല്‍കിയ പിന്തുണയുടെ മൂല്യം എഴുതി ഫലിപ്പിക്കാനാവില്ല
മന്‍മോഹനായിരുന്നു രണ്ടു തവണയും പ്രൈവറ്റ് സെക്രട്ടറി.
1984ലാണ് മന്‍മോഹനെ ഞാന്‍ പരിചയപ്പെടുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു മന്‍മോഹന്‍. ആറ്റിപ്ര പഞ്ചായത്തിലെ മാപ്പിംഗ് പരീക്ഷണം മുതല്‍ കല്യാശേരിയിലും മാരാരിക്കുളത്തും കഞ്ഞിക്കുഴിയിലുമൊക്കെ നടന്ന വിഭവഭൂപട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അധികാരവികേന്ദ്രീകരണ പരീക്ഷണങ്ങളിലുമെല്ലാം ഒപ്പമുണ്ടായിരുന്ന സുഹൃത്ത്.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ച എം ഗോപകുമാര്‍ പരിഷത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. സാക്ഷരതാകാലം മുതല്‍ ഗോപനെ പരിചയമുണ്ട്. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയപങ്കാളിയായിരുന്നു. അന്ന് പരിഷത്തിന്റെ ജില്ലാ സെക്രട്ടറിയും റവന്യൂവകുപ്പിലെ ജീവനക്കാരനുമാണ് ഗോപന്‍. സര്‍വീസില്‍ നിന്ന് ലീവെടുത്താണ് ഗോപന്‍ ജനകീയാസൂത്രണ പ്രസ്ഥാനങ്ങളുടെ ഭാഗമായത്.
ജോലിയും ശമ്ബളവുമൊക്കെ വേണ്ടെന്നു വെച്ചും കിട്ടുന്നതു മുഴുവന്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിച്ചുമാണ് മന്‍മോഹനും ഗോപനും അജിത്തും കിച്ചുവുമൊക്കെ ഉള്‍പ്പെടുന്ന സംഘം ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായത്. ജോലി പോകുന്നെങ്കില്‍ പോകട്ടെ എന്നുവെച്ച് സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങുന്നെങ്കില്‍, ആ പ്രവര്‍ത്തനങ്ങളുടെ ഹരം ആലോചിക്കാവുന്നതേയുള്ളൂ. വ്യക്തിപരമായ ഇത്തരം നഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറുള്ള തീപ്പൊരി സന്നദ്ധപ്രവര്‍ത്തകരുടെ ഒരു വേലിയേറ്റം തന്നെ ജനകീയാസൂത്രണകാലത്തുണ്ടായിരുന്നു. നമ്മെ വിട്ടുപിരിഞ്ഞുപോയ കൃഷ്ണകുമാര്‍ എന്ന കിച്ചുവും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ശിവരാമകൃഷ്ണനും മന്ത്രിയാകും മുമ്ബേ സഹപ്രവര്‍ത്തകരും സ്നേഹിതരുമാണ്. പറഞ്ഞാല്‍ തീരാത്ത, എഴുതിയാല്‍ മടുക്കാത്ത ഹൃദ്യമായ ഓര്‍മ്മകള്‍ അവരെക്കുറിച്ച് പങ്കുവെയ്ക്കാനുണ്ട്.
വ്യത്യസ്തമായ കഴിവുകളുള്ളവര്‍.
മുഷിഞ്ഞു പണിയെടുക്കാന്‍ ഒരു മടിയുമില്ലാത്ത ടീം. ലക്ഷ്യത്തിലെത്തുന്നതുവരെ ഊണും ഉറക്കവും ആര്‍ക്കും നിര്‍ബന്ധമില്ല. നര്‍മ്മബോധത്തിന്റെ കാര്യത്തില്‍ എല്ലാം ഒന്നിനൊന്ന് മെച്ചം. വിരസതയ്ക്ക് നോ എന്‍ട്രിയാണ് ഓഫീസില്‍. ഏതു നേരത്തും ഒരു പൊട്ടിച്ചിരിയുടെ മുഴക്കം ഓഫീസിന്റെ ഏതെങ്കിലുമൊരു മൂലയിലുണ്ടാകും.
യാത്രകളൊന്നും ഒരിക്കലും മറക്കാനാവില്ല. ചിരി നിറച്ച കതിനയുമായാണ് ഷിജിലാലും ബൈജുമോനും കൊച്ചുമോനുമൊക്കെ വണ്ടിയെടുക്കുക. മധുവും മനോജുമൊക്കെയായാലും സ്ഥിതിയ്ക്ക് മാറ്റമില്ല. ആലപ്പുഴയില്‍ നിന്ന് ശ്രീജിത്ത് കൂടി കയറിയാല്‍ പിന്നെ പറയണ്ട. കഥകളും തമാശകളും പലവര്‍ണങ്ങളില്‍ പൊട്ടിവിടരും. അസാധ്യമായ കൈയൊതുക്കത്തോടെ കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള അവരുടെ കഴിവിനു നേരെ കൈകൂപ്പിയേ മതിയാകൂ. പറഞ്ഞ തമാശകളും പറ്റിയ അബദ്ധങ്ങളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നര്‍മ്മക്കൂട്ടുകളുമൊക്കെ ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശമുണ്ടത്രേ. എന്നെയും കഥാപാത്രമാക്കുമെന്ന് കേള്‍ക്കുന്നു. ഒരുകാര്യം ഉറപ്പാണ്. ഇത്രയും നര്‍മ്മബോധമുള്ള ഒരു ടീം മറ്റൊരു മന്ത്രിയ്ക്കും അവകാശപ്പെടാനാവില്ല. വിരസതയും സമ്മര്‍ദ്ദവുമറിയാതെ പൊട്ടിച്ചിരിയുടെ കിലുക്കങ്ങളും കൊണ്ടാണ് ഓരോ ടേമും ഓടി മറഞ്ഞത്.
എന്റെ ഓഫീസിലെത്തിയ എല്ലാവരും ഏറെക്കുറെ ഒരേ തരംഗദൈര്‍ഘ്യം പങ്കുവെയ്ക്കുന്നവരാണ്. മന്ത്രിയോഫീസിന്റെ അധികാരം തലയ്ക്കു പിടിക്കാത്തവര്‍. വഴിവിട്ട കാര്യങ്ങള്‍ ചെയ്യില്ലെന്ന് ജാഗ്രതയുള്ളവര്‍. അടിയുറച്ച സംഘടനാബോധം. പാര്‍ടി ചിട്ടയില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഒന്നും ആരും പ്രത്യേകമായി പഠിപ്പിച്ചതോ പരിശീലിപ്പിച്ചതോ അല്ല. സ്വാഭാവികമായി ഈ ഗുണങ്ങളുള്ളവര്‍ തന്നെയാണ് പലകാലങ്ങളിലായി എന്റെ ടീമിലെത്തിയത്. പത്തു വര്‍ഷത്തോളം നീണ്ട മന്ത്രിജീവിതത്തില്‍ ഒരു പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ നേരെയും ഒരു മൈക്രോസ്കോപ്പും എനിക്ക് തിരിച്ചുവെയ്ക്കേണ്ടി വന്നിട്ടില്ല എന്നത് അഭിമാനത്തോടെ തന്നെ ഓര്‍മ്മയില്‍ സൂക്ഷിക്കും.
പറയാനൊരുപാടുണ്ട്. ഓരോരുത്തരെക്കുറിച്ചും. രണ്ടുതവണയും അടുക്കള കൈകാര്യം ചെയ്തത് കൊടുങ്ങല്ലൂര്‍ സ്വദേശി എവി രമണിയാണ്. അതീവരുചികരമായി ഭക്ഷണം പാകം ചെയ്യാനറിയാം. ഒന്നാന്തരമാണ് പാചകം. അക്കാര്യത്തില്‍ എല്ലാ വോട്ടും നേടിയാണ് രമണി വിജയിക്കുക.
ജിഎസ്ടിയുടെയും ടാക്സ് വകുപ്പിന്റെയും സങ്കീര്‍ണതകളെ ഉള്ളിതൊലിക്കും വിധം കൈകാര്യം ചെയ്ത സലിം കോട്ടത്തറയും അജയനും. ഫയലുകള്‍ കൈകാര്യം ചെയ്ത സാനുവും അഭിലാഷും. അഭിലാഷിനുകുറച്ച് അക്കാദമിക് താല്‍പ്പര്യമുള്ളത് ഏറെസഹായകരമായി. പിആര്‍ ചുമതലകള്‍ നിര്‍വഹിച്ച ബിജുവും രണനാഥും. ഞാന്‍ കൈകൊണ്ട് എഴുതുന്നതു വളരെ കുറവ്. ഡിക്റ്റേഷനാണ്. ആറ് പുസ്തകങ്ങള്‍ ഇത്തവണത്തെ ഊഴത്തില്‍ എഴുതി. പിന്നെ ഒട്ടേറെ ലേഖനങ്ങളും. ദിവസവും രണ്ട് പോസ്റ്റുകളെങ്കിലും. ഇവയെല്ലാം എന്റെ സമയസൗകര്യമനുസരിച്ച് ടൈപ്പ് ചെയ്ത്, എഡിറ്റ് ചെയ്ത് തയ്യാറാക്കുന്നത് ഇവരാണ്.
കിച്ചുവിന്റെ അകാലത്തിലുള്ള വിയോഗം നികത്താനാവാത്ത ഒന്നായിരുന്നു. എന്റെ രേഖകളും കരട് എഴുത്തുകളും ചിട്ടപ്പെടുത്തി സൂക്ഷിച്ചിരുന്നത് കിച്ചുവായിരുന്നു. കിച്ചുവിനുശേഷം ഈ പണി ഏറ്റെടുത്തത് അജിത്താണ്.
സേതുവായിരുന്നു ഡോക്ടര്‍. ഈ ടേമില്‍ പണി കുറച്ചു കൂടി. സോണിയും അരുണുമായിരുന്നു വീട്ടിലെ റിംങ് റൗണ്ട്. സോണിക്ക് അമ്മച്ചിയുമായി പ്രത്യേക കൂട്ടുമുണ്ടായിരുന്നു. ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന അബിദയും ഇന്ദുജയും അക്ഷയും മുരളിയും സന്തോഷും സതീശനും അരുണ്‍ബാബു(ആലപ്പുഴ ഓഫീസ്)വുമൊക്കെ ഈ ടീമിലേയ്ക്ക് പിന്നീട് എത്തിച്ചേരുകയും അതിന്റെ ഭാഗമാവുകയും ചെയ്തവരാണ്. ഇടുക്കിക്കാരന്‍ രതീഷ് ഓഫീസ് ഗാര്‍ഡനര്‍ കൂടിയാണ്. അവസാനവര്‍ഷമായപ്പോഴേയ്ക്കും ഓഫീസ് ചെടികളും പടര്‍പ്പുകളുംകൊണ്ട് അലംകൃതമായിരുന്നു.
കിച്ചുവിനെപ്പോലെ ഓര്‍മ്മയിലും ഇനിയുള്ള ജീവിതത്തിലും പിന്തുടരുന്ന വേദനയാണ് അനസിന്റെയും മധുവിന്റെയും അകാലവേര്‍പാട്. ഏതു ചുമതലയും ഏറ്റെടുക്കുന്ന ഊര്‍ജസ്വലനായ ചെറുപ്പക്കാരനായിരുന്നു അനസ്. എംഎല്‍എ ആയിരുന്ന കാലത്തുമൊക്കെ ഒരു പ്രതിഫലവും കാംക്ഷിക്കാതെ ഓടി നടന്ന് പണിയെടുക്കാന്‍ സദാ സന്നദ്ധനായിരുന്നു അനസ്. മധുവും അതെ. മിടുക്കനായ ചെറുപ്പക്കാരന്‍. ഇരുവരുടെയും അകാലത്തിലെ വേര്‍പാട് ഞങ്ങളുടെ ടീമിലെ എല്ലാവരുടെയും തീരാവേദനയാണ്.
ടൂറിസം ജീവനക്കാരായ ഭദ്രന്‍, രാജേന്ദ്രന്‍, രതീഷ്, മാഹീന്‍, ലതിക, അല്‍ഫോണ്‍സ, ലേഖ, സുനന്ദ, ശ്രീലേഷ്, ജിതിന്‍, പ്രശാന്ത്, ഡ്രൈവര്‍മാരായ സുരേഷ്, ചന്ദ്രബാബു, ഹരിലാല്‍, ബിജു എന്നിവരുമൊക്കെ ഈ ടീമിന്റെ ഭാഗമായിരുന്നു. എല്ലാവരും ഒരു മനസോടെ തങ്ങളുടെ ചുമതലകള്‍ ആവുംവിധം ഭംഗിയായിത്തന്നെ നിര്‍വഹിച്ചു. എല്ലാവരോടും നന്ദിയുണ്ട്.
ചിരപരിചിതരായ സുഹൃത്തുക്കളുടെ സംഘമായതുകൊണ്ട്, എല്ലാവര്‍ക്കും പരസ്പരം വലിപ്പച്ചെറുപ്പമില്ലാതെ ഇടപെടാന്‍ കഴിയുമായിരുന്നു. ആര്‍ക്കും ഒരു ജോലിയും ജോലിയായി അനുഭവപ്പെട്ടിട്ടില്ല. ഓരോ ചുമതലയും ഓരോരുത്തരും സ്വയം ആസ്വദിച്ചും സന്തോഷിച്ചുമാണ് ചെയ്തിട്ടുള്ളത്. അതിന്റെ മികവും ശോഭയും കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലാകെയുണ്ട്. ഒട്ടേറെപ്പേരുടെ വ്യക്തിപരമായ മികവുകള്‍ സമഞ്ജസമായി സമ്മേളിക്കുമ്ബോഴാണല്ലോ ഓഫീസിന്റെ ലക്ഷ്യം സഫലമാവുക. ആ കൂട്ടായ്മയെ സജീവമായി നയിക്കാന്‍ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ മന്‍മോഹന് കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യര്‍ ഒത്തു ചേര്‍ന്നാണ് അസാധാരണമായ നേട്ടങ്ങളുണ്ടാക്കിയത്. കലര്‍പ്പില്ലാത്ത കൂട്ടായ്മയായിരുന്നു അവരുടെ ഇന്ധനം.
ഹെന്‍ട്രി ഫോഡിന്റെ പ്രസിദ്ധമായ ഒരുദ്ധരണിയുണ്ട്.
“Coming together is a beginning. Keeping together is progress. Working together is success.”
ഞങ്ങള്‍ ഒന്നിച്ചു വന്നു. ഒന്നിച്ചായിരുന്നു പ്രയാണം. ലക്ഷ്യങ്ങളെല്ലാം നേടിയതും ഒന്നിച്ചു തന്നെയായിരുന്നു.
നിറഞ്ഞ സ്നേഹത്തോടെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു



