കോട്ടയം: ജോലിയില്ലാത്ത വിഷമം മരുമകനുണ്ടായിരുന്നുവെന്നും മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ പിതാവ് അശോകന്റെ പ്രതികരണം. കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശി അഞ്ജുവും രണ്ട് മക്കളും ഇന്നലെ രാത്രിയോടെയാണ് താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.
അഞ്ജു വിഷാദത്തിലായിരുന്നു.വീഡിയോ കോൾ വിളിക്കുമ്പോൾ ദുഃഖഭാവമായിരുന്നു. ജോലിയല്ലാത്തതിനാൽ ഭർത്താവ് സാജുവും നിരാശയിലായിരുന്നു. ലൈസൻസ് ഇല്ലാത്തതിനാൽ അവിടെ സാജുവിന് ജോലിയ്ക്ക് കയറാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങളായി നാട്ടിലേക്ക് പണം അയക്കാൻ സാജുവിന് കഴിഞ്ഞിരുന്നില്ല. അതിന്റെ വിഷമം ഫോൺ വിളിക്കുമ്പോൾ പറയാറുണ്ടായിരുന്നു’, അഞ്ജുവിന്റെ പിതാവ് അശോകൻ പറഞ്ഞു.
ഒക്ടോബറിലാണ് കുട്ടികളുമായി അഞ്ജുവും സാജുവും യു.കെയിലേക്ക് പോയത്. യുകെയിൽ സർക്കാർ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഇവർക്ക് മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും അശോകൻ പ്രതികരിച്ചു.
നോർത്താംപ്ടൺഷയറിലെ കെറ്ററിംഗിൽ വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോൾ അഞ്ജുവും മക്കളും ചോരയിൽ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



