തിരുവനന്തപുരം: കൊവിഡ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി, ജോലിക്കെത്താത്ത അമ്പതു ശതമാനം സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. പ്രതിരോധ ജോലികള്‍ക്ക് കൂടുതല്‍ പേരെ നിയോഗിക്കേണ്ടതിനാലാണിത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച വകുപ്പുസെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. കലക്ടര്‍മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനു പകരം, ജീവനക്കാരെ എങ്ങനെ വിനിയോഗിക്കാം എന്നതിന് രൂപരേഖ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനുള്ള മാര്‍ഗരേഖ ഉടന്‍ തയ്യാറാക്കും.
അടച്ചിടലില്‍ ഇളവുനല്‍കിയതോടെ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. രോഗവ്യാപനം കൂടിയതോടെയാണ് 50 ശതമാനം പേര്‍മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്ന് വീണ്ടും സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ അന്‍പതുശതമാനം കഴിഞ്ഞുള്ളവരെയാണ് പ്രതിരോധപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുക. അത്യാവശ്യക്കാരല്ലാത്തവര്‍ക്ക് ഇപ്പോഴുള്ള വര്‍ക്ക്ഫ്രം ഹോം ഒഴിവാക്കിയേക്കും. മറ്റുള്ളവരെ ഏറ്റവുമടുത്ത തദ്ദേശസ്ഥാപനങ്ങളിലോ കളക്ടറേറ്റുകളിലോ മറ്റു സ്ഥലങ്ങളിലോ ജോലിക്കു നിയോഗിക്കുന്നതരത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ സ്‌കൂള്‍-കോളേജ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവരടക്കം സംസ്ഥാനത്ത് ആകെ ജീവനക്കാരുടെ എണ്ണം 5,15,639 ആണ്.