വാഷിങ്ടൻ ∙ പൊലീസിന്റെ ക്രൂരതയ്ക്കു മുൻപിൽ ശ്വാസം കിട്ടാതെ പിടിഞ്ഞു മരിച്ച കറുത്ത വർഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു . ഫ്ലോയിഡ് കൊല്ലപ്പെട്ട് ഒരു വർഷം പൂർത്തിയാകുന്ന അവസരത്തിലാണ് ക്ഷണമുണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഫ്ലോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി അറിയിച്ചു . ഇതിന്റെ വിശദാംശങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 2020 മേയ് 25നാണ് അമേരിക്കയെ പിടിച്ചുകലുക്കിയ ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം നടന്നത്. മിനിയാപോളിസ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന്റെ ക്രൂരതയ്ക്ക് ഇരയായാണ് ഫ്ലോയിഡ് മരിച്ചത്. സംഭവത്തിന് പിന്നാലെ അമേരിക്കയിൽ വലിയ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇന്ത്യയിൽ അടക്കം ഇതിന്റെ അലയടികള്‍ ഉയര്‍ന്നു.

പിന്നീട്, ഡെറിക് ഷോവിനെ അറസ്റ്റ് ചെയ്യുകയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതിക്ക് എതിരായ മൂന്നു കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 75 വർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഡെറിക്ക് ചെയ്തതെന്നാണു റിപ്പോര്‍ട്ട്.