കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കഴുത്തി കയറിയിരുന്ന് കൊലപ്പെടുത്തിയ പൊലീസുകാരന്റെ നടപടിയില്‍ യുഎസ്സിലാകെ പടര്‍ന്ന പ്രതിഷേധം ശക്തമായി തുടരുന്നു. ഇതിനിടെ സംഭവം നടന്ന മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസ് നഗരത്തിലെ സിറ്റി കൗണ്‍സില്‍, ലോക്കല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പിരിച്ചുവിടാന്‍ പ്രമേയം പാസാക്കി. പൊതുസുരക്ഷയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് പൊലീസ് വകുപ്പിനെ പിരിച്ചുവിടാന്‍ അനുകൂലമായി വോട്ട് ചെയ്ത 13ല്‍ 9 കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പൊലീസിന്റെ ക്രൂരതയ്ക്കും വംശീയതയ്ക്കുമെതിരെ മിനിയാപോളിസിലും യുഎസ്സിലാകെയും പ്രതിഷേധം ശക്തമാണ്. ഈ പൊതുവികാരം കണക്കിലെടുത്താണ് സിറ്റി കൗണ്‍സിലിന്റെ ശ്രദ്ധേയ നീക്കം. ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.