കോഴിക്കോട് നടന്ന കേരള നവദുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ രാജ്യസഭ ചെയര്മാന് ജഗദീപ് ധന്‍ക്കറിന് പരാതി നല്കി. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ബ്രിട്ടാസിന്റെ പ്രസംഗമെന്ന് സുധീര്‍ പറഞ്ഞു. ബ്രിട്ടാസിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസയമം, രാജ്യസഭാ എംപി ജോണ്‍ബ്രിട്ടാസും സിപിഎമ്മും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഒരു മതസംഘടനയുടെ വേദിയില്‍ ഇതരവിഭാഗങ്ങള്‍ക്കെതിരെ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മുസ്ലിം വിഭാഗത്തില്‍ ഭയവും വിദ്വേഷവും സൃഷ്ടിച്ച് സംസ്ഥാനത്തെ സൈ്വര്യജീവിതം തകര്‍ക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യം.
ഭൂരിപക്ഷവിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളും തമ്മില്‍ സംവാദം കൊണ്ട് കാര്യമില്ലെന്നും സംഘര്‍ഷമാണ് വേണ്ടതെന്നുമുള്ള ബ്രിട്ടാസിന്റെ വാക്കുകള്‍ തീവ്രവാദം ശക്തമാക്കാനേ ഉപകരിക്കുകയുള്ളൂ. അതേ വേദിയില്‍ സംഘപരിവാറിനെ നേരിടാന്‍ മുസ്ലിങ്ങളെല്ലാം സിപിഎമ്മിന്റെ കീഴില്‍ അണിനിരക്കണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. മതങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായിക്കളായി സിപിഎം മാറി കഴിഞ്ഞെന്നും സുരേന്ദ്രന് പറഞ്ഞു.



