ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ സ്വാതന്ത്ര്യആഘോഷ ചരിത്രത്തിലേക്ക് ജൂണ്‍റ്റീന്ത് പുതിയ അധ്യായമെഴുതുന്നു. ജൂണ്‍ 19 അഥവാ ജൂണ്‍റ്റീന്ത് ഇനി മുതല്‍ ദേശീയ അവധിയായിരിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നതോടെ ആഘോഷത്തിന് പുതുമുഖം വന്നു കഴിഞ്ഞു. എല്ലാ വര്‍ഷവും ജൂണ്‍ 19 ന് അവധിയായി ആഘോഷിക്കുന്ന ജൂണ്‍റ്റീന്ത് ഇനി രാജ്യം മുഴുവന്‍ കൊണ്ടാടും. ഇതിനെ ഔദ്യോഗികമാക്കുന്ന ഒരു ബില്ലില്‍ യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ വ്യാഴാഴ്ച ഒപ്പുവച്ചു. ഈ വര്‍ഷം ശനിയാഴ്ച അവധി വരുന്നതിനാല്‍, ഫെഡറല്‍ തൊഴിലാളികള്‍ക്ക് ജൂണ്‍ 18 ന് അവധി ലഭിക്കും.
രാജ്യത്തിന്റെ ‘രണ്ടാമത്തെ സ്വാതന്ത്ര്യദിനം’ എന്ന് അറിയപ്പെടുന്ന ജൂണ്‍റ്റീന്ത് ആഭ്യന്തരയുദ്ധത്തിന്റെ അവസാന കാലത്തില്‍ അമേരിക്കയില്‍ അടിമകളായ ആളുകളുടെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്നു. 150 വര്‍ഷത്തിലേറെയായി, രാജ്യത്തുടനീളമുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികള്‍ ഈ അവധിദിനം ആചരിക്കുന്നുണ്ട്. ഇത് പ്രതീക്ഷയുടെ ആഘോഷമെന്ന പേരിലാണ് അറിയപ്പെടുന്നത്. സംസ്ഥാന, ഫെഡറല്‍ അംഗീകാരത്തിനായി പ്രവര്‍ത്തകര്‍ നിരന്തരം ഇതിനു വേണ്ടി പോരാടുന്നുണ്ടായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതിനുവേണ്ടി ഒരിക്കല്‍ പോലും മുന്നോട്ടു പോയിരുന്നില്ല. ഈ ബില്‍ ഒപ്പുവെച്ചതോടെ, 1983 ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ ഡേ സ്ഥാപിതമായതിനുശേഷം ആദ്യത്തെ പുതിയ ഫെഡറല്‍ അവധി ദിനമായി ജൂണ്‍റ്റീന്ത് മാറും.



