ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരി ജീൻ കെന്നഡി സ്മിത്ത്(92) അന്തരിച്ചു. തൊണ്ണൂറുകളിൽ അയർലൻഡിലെ യുഎസ് അംബാസഡറായിരുന്നു. ഭർത്താവ് സ്റ്റീഫൻ ഇ. സ്മിത്ത് 1990ൽ അന്തരിച്ചു. രണ്ടു പെൺമക്കളുണ്ട്.
ജീനിന്റെ മരണത്തോടെ കെന്നഡി സഹോദരങ്ങളിലെ അവസാന കണ്ണിയും ഇല്ലാതായി. ജോസഫ് -റോസ് കെന്നഡി ദന്പതികളുടെ ഒന്പതു മക്കളിൽ എട്ടാമത്തേതായിരുന്നു ജീൻ. കെന്നഡി സഹോദരങ്ങളിൽ ഭൂരിഭാഗവും യുഎസിലെ ഉന്നത പദവികളിലെത്തിയെങ്കിലും അകാലത്തിൽ മരിച്ചു. യുഎസിലെ 35ാമതു പ്രസിഡന്റായ ജോൺ എഫ്. കെന്നഡി 1963ൽ വധിക്കപ്പെട്ടു. ഈ മരണം ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി കരുതപ്പെടുന്നു. മറ്റൊരു സഹോദരനും സെനറ്ററുമായ റോബർട്ടും വധിക്കപ്പെടുകയായിരുന്നു.