ദുബായ്: ഏഷ്യാ കപ്പില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറിലെത്തുന്ന മൂന്നാമത്തെ ടീമായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം നാലു പന്തും രണ്ട് വിക്കറ്റും ബാക്കി നിര്‍ത്തി ലങ്ക മറികടന്നു. അവസാന മൂന്നോവറില്‍ 34 റണ്‍സും രണ്ടോവറില്‍ 25 റണ്‍സുമായിരുന്നു ലങ്കക്ക് ജയികകാന്‍ വേണ്ടിയിരുന്നത്. എബാദത്ത് ഹൊസൈന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സടിച്ച ചമിക കരുണരത്നെയാണ് ലങ്കയെ ജയത്തിന് അടുത്തെത്തിച്ചത്.

മെഹ്ദി ഹസനെറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ തന്നെ ലക്ഷ്യം അടിച്ചെടുത്ത് ലങ്ക സൂപ്പര്‍ ഫോറിലേക്ക് മാര്‍ച്ച് ചെയ്തു. 37 പന്തില്‍ 60 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ദസുന്‍ ഷനക 33 പന്തില്‍ 45 റണ്‍സെടുത്തു. ബംഗ്ലാദേശിനായി എബാദത്ത് ഹൊസൈന്‍ നാലോവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. 

സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 183-7, ശ്രീലങ്ക 19.2 ഓവറില്‍ 184-8.