കൊച്ചി: ഹൈക്കോടതി അടച്ചിടേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കും. കൊറോണ ബാധിച്ച പോലീസുകാരന് കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. ജസ്റ്റിസ് സുനില്‍ തോമസ് ഉള്‍പ്പെടെ 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. എങ്കിലും കോടതി പൂര്‍ണമായി അടച്ചിടേണ്ടെന്ന് ഭരണനിര്‍വഹണ സമിതി, എജി ഓഫീസ്, അഭിഭാഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
അഭിഭാഷകരെ കോടതിയിലേക്ക് എത്താന്‍ നിര്ബന്ധിക്കില്ല. അഭിഭാഷകര്‍ എത്താത്ത കേസുകള്‍ മാറ്റിവയ്ക്കും. കേസുകള്‍ പരിഗണിക്കുന്നത് കുറയ്ക്കുകയും ചെയ്യും. പൂര്‍ണണമായി അടച്ചിടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. ഈ മാസം 30 വരെ ഹൈക്കോടതി അടച്ചിടണമെന്നായിരുന്നു അഭിഭാഷക അസോസിയേഷന് ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് അവര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
നേരത്തെ കൊറോണ രോഗം വ്യാപിച്ച ഘട്ടത്തില്‍ രാജ്യത്തെ പല ഹൈക്കോടതികളും അടച്ചിട്ടിരുന്നു. ചിലര്‍ കേസുകള്‍ കുറയ്ക്കുകയും ചെയ്തു. എന്നാല്‍ പ്രതിസന്ധി കുറഞ്ഞതോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരള ഹൈക്കോടതിയും നേരത്തെ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. അടിച്ചിടണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയായി.



