തടവില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ജീവനോടെ പുറത്തിറങ്ങുമോ എന്ന് ഉറപ്പു നല്‍കാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. രാജ്യത്തെ ജയിലുകളിലെ വൈദ്യസഹായം മോശം അവസ്ഥയിലാണെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പുടി ന്‍ പ്രതികരിച്ചു .

സൈബീരിയയില്‍ നിന്നും റഷ്യയിലേക്കുള്ള വിമാന യാത്രക്കിടെ ആരോഗ്യസ്ഥിതി വഷളായിരുന്നു . കോമയിലായ അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്ക് ജര്‍മനിയിലെത്തിച്ചു. നൊവിചോക് എന്ന വിഷം ചായയിലൂടെ ഉള്ളില്‍ ചെന്നതാണ് കാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നിയെ വധിക്കാന്‍ ശ്രമിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇത് റഷ്യ തള്ളി .

ഒടുവില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷം ജനുവരിയില്‍ നാട്ടിലെത്തിയപ്പോള്‍ നവാല്‍നിയെ റഷ്യ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജയിലില്‍വെച്ച്‌ നവാല്‍നിയുടെ ആരോഗ്യം വീണ്ടും വഷളായി . നവാല്‍നി മരണത്തിന്റെ വക്കിലാണെന്നും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

അതെ സമയം നവാല്‍നിയെ മോചിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രസിഡന്റല്ല. കോടതിയാണ് അക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും പുടിന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ റഷ്യക്ക് പങ്കുണ്ടെന്ന ആരോപണവും പുടിന്‍ നിഷേധിച്ചു. ജര്‍മ്മനിയില്‍ ചികിത്സയിലായിരിക്കെ പരോള്‍ ലംഘിച്ചുവെന്ന കുറ്റമാണ് നവാല്‍നിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.