വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ സഹായം തേടിയെന്ന്. ട്രംപിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ എഴുതിയ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം. ‘ദ റൂം വെയർ ഇറ്റ് ഹാപ്പൻഡ്’ എന്ന പുസ്തകം 23നു പുറത്തിറങ്ങിയേക്കും. നവംബറിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന ട്രംപിനു പ്രതികൂലമായ പല പരാമർശങ്ങളും 577 പേജുകളുള്ള പുസ്തകത്തിലുണ്ട്. പ്രസിദ്ധീകരണം തടയാനുള്ള നീക്കങ്ങൾ വൈറ്റ്ഹൗസ് ആരംഭിച്ചു.
2018 ഏപ്രിൽ മുതൽ കഴിഞ്ഞവർഷം സെപ്റ്റംബർ വരെയാണ് ബോൾട്ടൻ ട്രംപിന്റെ ഉപദേഷ്ടാവായിരുന്നത്. രാജിവയ്ക്കുകയായിരുന്നുവെന്ന് ബോൾട്ടൻ പറയുന്നു. എന്നാൽ പുറത്താക്കുകയായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
കഴിഞ്ഞവർഷം ജൂണിൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ട്രംപ് ചൈനീസ് പ്രസിഡന്റിന്റെ സഹായം തേടിയത്. അമേരിക്കയിൽനിന്ന് ചൈന സോയാബീനും ഗോതന്പും വാങ്ങിയാൽ തനിക്ക് കർഷകരുടെ വോട്ട് ലഭിക്കുമെന്നും സഹായിക്കണമെന്നുമാണ് അഭ്യർഥിച്ചത്. 2016ലെ ട്രംപിന്റെ വിജയത്തിൽ കർഷക വോട്ടുകൾ വലിയ പങ്കുവഹിച്ചിരുന്നു.
ബ്രിട്ടൻ ആണവശക്തിയാണെന്ന കാര്യം ട്രംപിന് അറിയില്ലായിരുന്നു എന്നതാണ് പുസ്തകത്തിലെ മറ്റൊരു വെളിപ്പെടുത്തൽ. 2018 മേയിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇതിന് ആധാരമായ സംഭവം. “ഓ നിങ്ങൾ ആണവശക്തിയാണോ” എന്ന് ട്രംപ് ചോദിച്ചത്രേ. ഇതിൽ തമാശ ഒട്ടും ഇല്ലായിരുന്നുവെന്നും ബോൾട്ടൻ പറയുന്നു.
വടക്കൻ യൂറോപ്യൻ രാജ്യമായ ഫിൻലാൻഡ്, റഷ്യയുടെ ഭാഗമാണോ എന്നും ട്രംപ് ചോദിച്ചിട്ടുണ്ടത്രേ. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അധിനിവേശം നടത്തുന്നത് കൊള്ളാവുന്ന കാര്യമാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. എന്നാൽ പുതിയൊരു അധിനിവേശത്തിന് ട്രംപിനു താത്പര്യമില്ലായിരുന്നു. അഫ്ഗാൻ അധിനിവേശത്തിന്റെ പേരിൽ മുൻ പ്രസിഡന്റും സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലെ നേതാവുമായ ജോർജ് ഡബ്ല്യു. ബുഷിനെ മണ്ടനെന്നു വിളിച്ചിട്ടുണ്ട്. വൈറ്റ്ഹൗസിലെ പല ജീവനക്കാർക്കും ട്രംപിനെ മതിപ്പില്ലെന്നും ഭരണപരമായ പല കാര്യങ്ങളും ട്രംപിന് അറിയില്ലെന്നും ബോൾട്ടൻ പറയുന്നു.
പുസ്തകം പ്രസിദ്ധീകരിക്കുന്നതു തടയാൻ അടിയന്തര ഉത്തരവു തേടി യുഎസ് നിയമവകുപ്പ് കോടതിയെ സമീപിച്ചിട്ടുണ്ട്. അനുമതിയില്ലാതെ പല രഹസ്യവിവരങ്ങളും വെളിപ്പെടുത്തിയ ബോൾട്ടൻ നിയമം ലംഘിച്ചതായി ട്രംപ് പറഞ്ഞു. ബോൾട്ടന്റെ വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ ട്രംപ് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ പരാജയപ്പെട്ടെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞു.



