തലശേരി: ആശങ്കയുടെ പിരിമുറുക്കത്തിന് അയവ് വരുത്തി കൊണ്ടു ചൊക്ലിയിൽ വീട്ടിൽനിന്നും കാണാതായ 16 പവൻ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടയിൽ നിന്നും കണ്ടെത്തി. ചൊക്ലി കാഞ്ഞിരത്തിൻ കീഴിലെ പാലയുള്ള കണ്ടിയിലെ സൈബു അബ്ദുള്ളയുടെ വീട്ടിൽ നടന്ന കവർച്ചയിലാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായിരിക്കുന്നത്. സംഭവത്തിൽ ചൊക്ലി പോലീസ് അന്വേഷണം ഊർജിതമാക്കവെ 16 പവൻ സ്വർണം കട്ടിലിനടിയിൽ നിന്നും തിരികെ ലഭിക്കുകയായിരുന്നു.
പരാതിക്കാരിയായ 70 വയസുകാരി സൈബുവിന് ഓർമ്മക്കുറവുണ്ട്. കട്ടിലിനടിയിൽ സ്വർണ്ണം മറന്നു വച്ചതാകാനാണ് സാധ്യതയെന്ന് ചൊക്ലി എസ്ഐ ആർഎസ് രഞ്ചു പറഞ്ഞു. സൈബു ഏറെയായി തനിച്ചാണ് താമസം. 16 പവനാണ് കാണാതായതെന്ന പരാതി ലഭിച്ച ഉടൻ തന്നെ ചൊക്ലി പോലീസ് വീട്ടിലെത്തി അന്വേഷണമാരംഭിച്ചിരുന്നു. പറമ്പിൽ തേങ്ങ പറിക്കാനായി തൊഴിലാളി വന്നപ്പോൾ വാതിൽ ചാരി പുറത്ത് പോയതായിരുന്നു സൈബു.
തിരിച്ച് വന്നപ്പോഴാണ് വാതിൽ തുറന്നിട്ട നിലയിൽ കണ്ട അലമാരയുടെ താക്കോൽ സൂക്ഷിച്ച സ്ഥലത്ത് നിന്ന് തന്നെ കണ്ടെടുത്തിട്ടുണ്ട്. സാധനങ്ങൾ ഒന്നും വാരി വലിച്ചിട്ടിട്ടില്ല. മറ്റൊന്നും മോഷണം പോയിരുന്നുമില്ല. വിരലടയാള സയന്റിഫിക്ക് വിദഗ്ധരും, ഡോഗ് – സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്തിയിരുന്നില്ല. സ്വർണ്ണാഭരണം തിരികെ ലഭിച്ചതോടെ പോലീസ് കേസന്വേഷണം അവസാനിപ്പിച്ചു. മോഷണം നടന്നത് പ്രദേശവാസികളെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു.



