വാഷിംഗ്ടണ്‍: തായ്‌വാനുമായി വ്യാപാര ചര്‍ച്ച തുടങ്ങുമെന്ന് അമേരിക്ക വ്യക്തമാക്കി. ദ്വീപിലെ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിന്റെ സൂചനയായാണ് തായ്‌വാനുമായുള്ള വ്യാപാര ചര്‍ച്ചകളെന്ന് അമേരിക്കന്‍ ഭരണകൂടം വ്യാഴാഴ്ച സൂചിപ്പിച്ചു. യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാനിലെ ഔദ്യോഗിക സന്ദര്‍ശനത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് അമേരിക്കയുടെ പ്രഖ്യാപനം. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഉയര്‍ന്ന റാങ്കിലുള്ള ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്.

അധികം വൈകാതെ ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് സൂചന. വ്യാപാരം ഊര്‍ജിതമാക്കല്‍, ഡിജിറ്റല്‍ മേഖലയിലെ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. വാണിജ്യ ചര്‍ച്ചകള്‍ നടത്തുന്നതിനെ ചൈനീസ് സര്‍ക്കാര്‍ വിമര്‍ശിച്ചു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെടാനുള്ള അവകാശം തായ്‌വാനില്ലെന്നും ഇത് നിയമലംഘനമാണെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ സര്‍ക്കാര്‍ അറിയിച്ചു. അമേരിക്കയുടെ ഇടപെടല്‍ യുദ്ധത്തില്‍ കലാശിക്കുമെന്ന് ചൈന മുന്നറിയിപ്പു നല്‍കി. ചൈനയുടെ ആത്യന്തികമായ താല്‍പര്യങ്ങള്‍ അമേരിക്ക മാനിക്കണമെന്ന് ചൈനീസ് വാണിജ്യകാര്യ വക്താവ് ആവശ്യപ്പെട്ടു.

ചൈനയുടെ മുന്നറിയിപ്പുകള്‍ പാടെ തള്ളിക്കളയുകയാണ് അമേരിക്ക. കഴിഞ്ഞയാഴ്ച നടത്തിയ വാണിജ്യ ചര്‍ച്ചകള്‍ അമേരിക്കയും തായ്‌വാനും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്തോ-പസഫിക് റീജിയണിന്റെ ഉപദേഷ്ടാവ് കര്‍ട്ട് കാംപ്‌വെല്‍ പറഞ്ഞു.