ഇന്ത്യയുടെ ചൈനീസ് ആപ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യയില്‍ മുതലിറക്കി കൈപൊള്ളിയ ചൈനീസ് ടെക്‌നോളജി കമ്പനികള്‍ ഇന്ത്യയെ ‘എഴുതിത്തള്ളുകയാണെന്നും’ തങ്ങളുടെ വിലക്ക് സർക്കാർ നീക്കിയാല്‍ പോലും തങ്ങളോട് ഇടപെട്ട രീതിക്ക് ക്ഷമാപണം നടത്തിയില്ലെങ്കില്‍ തിരിച്ചു വരുന്നില്ലെന്നും അറിയിച്ചിരിക്കുന്നത്. ചൈനയെ പോലെയല്ലാതെ കന്നിമണ്ണാണ് ഇന്ത്യന്‍ ടെക് മേഖല എന്ന ആകര്‍ഷണമാണ് ചില കമ്പനികളെ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ 650 കോടി രൂപ മുടക്കി, എന്തിനാണ് പൂട്ടിക്കെട്ടേണ്ടി വന്നതെന്ന കാരണം പോലും അറിയാത്ത കമ്പനിയായ ക്ലബ് ഫാക്ടറിയുടെ ഉടമയായ ആരണ്‍ ലിയെ ( Aaron Li) കേന്ദ്രീകരിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്.

ഇന്ത്യന്‍ മന്ത്രാലയത്തിന് അയച്ച കത്തിലാണ് തങ്ങള്‍ മുടക്കിയ തുകയെക്കുറിച്ച് അദ്ദേഹം പറയുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനോ അഖണ്ഡതയ്‌ക്കൊ പ്രശ്‌നമുണ്ടാക്കുന്ന ഒരു പ്രവൃത്തിയിലും തങ്ങള്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം തന്റെ കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, തന്റെ കത്തിന് ഒരു മറുപടിയും ലഭിച്ചില്ലെന്നും ലീ പറയുന്നു. നിരോധിക്കപ്പെട്ട എല്ലാ ചൈനീസ് കമ്പനിയുടെയും അവസ്ഥ ഇത് തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. ആരോടു ചോദിക്കണം എന്നറിയില്ല.

കുറഞ്ഞ വിലയ്ക്ക് ഫാഷന്‍ വസ്ത്രങ്ങളടക്കമുളള സാധനങ്ങള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കു വിറ്റുവന്ന കമ്പനിയായിരുന്ന ക്ലബ് ഫാക്ടറിയുടെ സ്മാര്‍ട് ഫോണ്‍ ആപ്പും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ലിയുടെ ജോലിക്കാര്‍ ഭാവിയെക്കുറിച്ചു ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. ഒരു മാസം 100 ദശലക്ഷം ഡോളറിന്റെ ചരക്കാണ് അദ്ദേഹം ക്ലബ് ഫാക്ടറിക്കായി കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ അത് പൂജ്യമായി താണിരിക്കുന്നു. ക്ലബ് ഫാക്ടറിക്ക് മറ്റെങ്ങും ശാഖകളല്ല. തന്റെ ജോലിക്കാരില്‍ പകുതിയോളം പേരെ, ഏകദേശം 300 പേരെ പിരിച്ചുവിട്ടതായി അദ്ദേഹം പറയുന്നു. ആറുമാസം പിടിച്ചു നില്‍ക്കാനുളള പൈസ ഉണ്ടാക്കിയിരുന്നു. ഇനി എന്ത് എന്നാണ് അദ്ദേഹത്തിനും അദ്ദേഹത്തെപ്പോലെയുള്ള ചൈനീസ് കമ്പനി ഉടമകള്‍ക്കും അറിയാത്തത് എന്നാണ് ലേഖനം പറയുന്നത്. ലാഭത്തിലേക്ക് ആയിവന്ന കമ്പനിയാണ് ഇനി എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ നടത്തിവന്ന മുതല്‍മുടക്ക് ആലിബാബ കുറച്ചിരിക്കുകയാണ്. പബ്ജി ഗെയിം ഇന്ത്യയില്‍ വിതരണത്തിനെടുത്തിരുന്ന ടെന്‍സന്റ് അതിന്റെ അവകാശം വിട്ടുകൊടുത്തു. ഏകദേശം 2000 ത്തോളം ജോലിക്കാരുള്ള ടിക്‌ടോക് മാത്രം ജോലിക്കാരെ പിരിച്ചുവിട്ടിട്ടില്ല. എന്നാല്‍, കമ്പനിയുടെ പ്രതീക്ഷയും അറ്റു തുടങ്ങിയിരിക്കുന്നു എന്നാണ് വാര്‍ത്ത. തിരിച്ചുവരാനായാല്‍ എന്തു ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇതുവരെ കമ്പനിക്കുള്ളില്‍ ചര്‍ച്ച ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ ജോലിക്കാര്‍ കൊഴിഞ്ഞു പോകുമോ എന്ന പേടിയാണ് അവരെ ഭരിക്കുന്നതെന്നു പറയുന്നു.

ഇതിനെല്ലാം തുടക്കമിട്ടത് അതിര്‍ത്തിയില്‍ ചൈന സംഘര്‍ഷമുണ്ടാക്കിയതാണെന്ന് എല്ലാ കമ്പനികള്‍ക്കും അറിയാം. അതിര്‍ത്തിയില്‍ എല്ലാം ശുഭമാകാത്തിടത്തോളം കാലം ഇന്ത്യ ആപ്പുകളുടെയും ബിസിനസിന്റെയും കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്നാണ് അവലോകകനായ ഗണേഷ് രംഗസ്വാമി പറയുന്നത്. കാരണം ഇതില്‍ ബിസിനസ് മാത്രമല്ല. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളുമുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ‘ഡിജിറ്റല്‍ തിരിച്ചടി’ ശരിക്കും ഏറ്റത് ടെക്‌നോളജി കമ്പനികള്‍ക്കാണ്.

വിഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന സമയത്താണ് തനിക്ക് ഇന്ത്യാ സർക്കാർ തങ്ങളുടെ ആപ്പും നിരോധിക്കാന്‍ ഒരുങ്ങുകയാണ് എന്ന സന്ദേശം ലഭിക്കുന്നതെന്ന് ലി പറയുന്നു. അത് ശരിയാകാന്‍ വഴിയില്ലെന്നായിരുന്നു തന്റെ ആദ്യ തോന്നലെന്ന് ലി പറയുന്നു. അതു യാഥാര്‍ഥ്യമായപ്പോള്‍ തന്റെ കമ്പനിയില്‍ നിക്ഷേപിച്ചവരും ശരിക്കും ഞെട്ടിയെന്നും, ഇന്റര്‍നെറ്റിന്റെ ലോകത്ത് ഇങ്ങനെയൊന്ന് ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നും ലി പറയുന്നു. ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച സന്ദേശത്തില്‍ ആകെ പറഞ്ഞത് ആപ് ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ് സ്റ്റോറില്‍ നിന്നു നീക്കം ചെയ്യുകയാണ് എന്നു മാത്രമാണെന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ക്ലബ് ഫാക്ടറിയുടെ ഡൊമെയിന്‍ നെയിം ബ്ലോക്കു ചെയ്തു. ആപ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് തങ്ങളുടെ ഓര്‍ഡര്‍ ട്രാക്കു ചെയ്യാന്‍ സാധിക്കാതെ വന്നുവെന്നും ലി പറയുന്നു. തുടര്‍ന്നാണ് താന്‍ മുടക്കിയ തുകയും മറ്റും കാണിച്ച് മന്ത്രാലയത്തിന് കത്തെഴുതിയത്.

ജൂലൈ അവസാനം ക്ലബ് ഫാക്ടറിക്ക് മന്ത്രാലയത്തില്‍ നിന്ന് ഒരു ചോദ്യാവലി ലഭിച്ചു. ആപ്പിലൂടെ എന്തെല്ലാം സേവനങ്ങളാണ് നല്‍കുന്നത്, എന്താണ് നിങ്ങളുടെ പ്രൈവസി പോളിസി, ആരാണ് കമ്പനിയുടെ ഉടമകള്‍, എവിടെയാണ് നിങ്ങളുടെ സെര്‍വറുകള്‍ സ്ഥാപിച്ചിരിക്കുന്നത് തുടങ്ങിയവ ആയിരുന്നു അതില്‍ ഉണ്ടായിരുന്നതെന്ന് ലി പറയുന്നു. ഇതു കണ്ടപ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭസൂചകമല്ലെന്നു തങ്ങള്‍ക്കു മനസിലായെന്ന് ലി പറഞ്ഞു. കാരണം, എന്തെങ്കിലും ഒരു പ്രത്യേക പ്രശ്‌നം കണ്ടെത്തിയതു കാരണമല്ല തങ്ങളെ നിരോധിച്ചിരിക്കുന്നത്. എന്തായാലും, ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വത്തോടെ മറുപടി നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. പക്ഷേ, പിന്നെ സർക്കാരില്‍ നിന്ന് കൂടുതല്‍ അന്വേഷണങ്ങളോ അറിയിപ്പോ ഒന്നും ലഭിച്ചില്ലെന്നാണ് ലി പറയുന്നത്.

എന്തായാലും, ഇതില്‍ നിന്നു പഠിച്ച പാഠം ഉള്‍ക്കൊണ്ട് ലിയും അദ്ദേഹത്തിന്റെ ടീമും യൂറോപ്പിനും അമേരിക്കയ്ക്കും വേണ്ടി പുതിയ ആപ് വികസിപ്പിക്കുകയാണ്. ഇന്ത്യ നിരോധനം എടുത്തുകളഞ്ഞാല്‍ പോലും ക്ഷമാപണം നടത്താത്ത പക്ഷം തിരിച്ചു വരുന്നില്ലെന്നാണ് ലി പറയുന്നത്. നിന്നനില്‍പ്പില്‍ പൂജ്യത്തിലേക്കു പതിക്കാന്‍ സാധ്യതയുള്ള ഒരു രാജ്യത്ത് മുതല്‍മുടക്കുക എന്ന സാഹസം എന്തിനാണ് താന്‍ കാണിക്കുന്നതെന്ന് ലി ചോദിക്കുന്നു. ഇന്നിപ്പോള്‍ ചൈനീസ് ആപ്പുകള്‍ക്കാണ് നിരോധനം. നാളെ അത് അമേരിക്കന്‍ ആപ്പുകളെ ആയിരിക്കാം നിരോധിക്കുക. അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നതെന്നും ലി പറയുന്നു.