അമേരിക്കയിലെ ഗോത്രവിഭാഗക്കാരുടെ പൂര്‍വിക പരമ്പര കിഴക്കന്‍ ഏഷ്യ വരെ നീളുന്നുണ്ടെന്ന് കണ്ടെത്തല്‍. ദക്ഷിണ ചൈനയില്‍ നിന്നും ലഭിച്ച ഫോസിലിന്റെ ഡിഎന്‍എ പരിശോധിച്ച ഗവേഷകരാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പ്ലേറ്റൊസീന്‍ കാലഘട്ടത്തിലെ ഫോസിലിന്റെ ജനിതവിവരങ്ങള്‍ ശേഖരിച്ച ശേഷം ലോകമെങ്ങുമുള്ള മനുഷ്യ വിഭാഗങ്ങളുമായി ഒത്തു നോക്കുകയായിരുന്നു. കിഴക്കന്‍ ഏഷ്യയിലെ പൂര്‍വികരുമായും അമേരിക്കയിലെ ഗോത്രവിഭാഗക്കാരുമായുമാണ് ഈ ജനിതകവിവരങ്ങള്‍ ഒത്തുപോവുന്നത്. 

ദക്ഷിണ ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ചുവന്ന മാന്‍ ഗുഹയില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ നിരവധി ഫോസിലുകള്‍ കണ്ടെത്തുന്നത്. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കു മുൻപായിരുന്നു അത്. കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഫോസിലുകളുടെ കാലപ്പഴക്കം നിശ്ചയിച്ചു. ഇതനുസരിച്ച് 14,000 വര്‍ഷത്തെ പഴക്കമാണ് ഈ ഫോസിലുകള്‍ക്കുള്ളത്. മനുഷ്യന്‍ ഭൂമിയുടെ പല പുതിയ പ്രദേശങ്ങളിലേക്ക് കുടിയേറി തുടങ്ങിയ കാലഘട്ടമായിരുന്നു അത്. 

പൗരാണിക മനുഷ്യന്റെയും ആധുനിക മനുഷ്യന്റെയും സവിശേഷതകളുള്ള ഒരു തലയോട്ടിയും ഈ ഗുഹയില്‍ നിന്നും ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. ആധുനിക മനുഷ്യരുടേതിനെ അപേക്ഷിച്ച് ചെറിയ തലച്ചോറുകളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ നിയാഡര്‍താലുകളുമായിട്ടായിരുന്നു കൂടുതല്‍ സാമ്യത. തലയോട്ടിയുടെ സവിശേഷതകള്‍ കാരണം ഈ ഫോസില്‍ ഇതുവരെ അറിയപ്പെടാത്ത പൗരാണിക മനുഷ്യ സമൂഹത്തിന്റേതാണെന്ന സാധ്യതയും ഉയര്‍ന്നിരുന്നു. 

ഡിഎന്‍എ വഴി ലഭിക്കുന്ന വിവരങ്ങള്‍ വളരെ ശക്തമാണ്. ചുവന്ന മാന്‍ ഗുഹയില്‍ നിന്നും ലഭിച്ച തലയോട്ടിയുടെ ഉടമകള്‍ ആധുനിക മനുഷ്യര്‍ തന്നെയാണ്. അല്ലാതെ പൂര്‍വിക മനുഷ്യ വിഭാഗങ്ങളായ നിയാഡര്‍താലുകളോ ഡെനിസോവനോ അല്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ബിങ് സു പറയുന്നു. മനുഷ്യന്റെ പൂര്‍വികരുടെ കുടിയേറ്റങ്ങളുടെ കഥ കൂടിയാണ് ഈ ഫോസില്‍ വഴി വെളിപ്പെടുന്നത്. ചൈനയുടെ തീരങ്ങള്‍ വഴി ജപ്പാനിലേക്കും അങ്ങനെ സൈബീരിയയിലേക്കും ഈ മനുഷ്യര്‍ കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഏഷ്യയില്‍ നിന്നും ബെറിങ് കടലിടുക്ക് വഴിയാണ് ഇവര്‍ വടക്കേ അമേരിക്കയിലേക്ക് കുടിയേറിയതെന്നാണ് പഠനം കരുതുന്നത്. കറന്റ് ബയോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.