തിരുവനന്തപുരം: ചിറ്റാര്‍ മത്തായി കസ്‌റ്റഡി മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനാണ് സി.ബി.ഐ തീരുമാനം. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാകും ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തുക. പോസ്‌റ്റുമോര്‍ട്ടത്തിന് മൂന്ന് ഫോറന്‍സിക് ഡോക്‌ടര്‍മാരും ഒപ്പമുണ്ടാകും. ഇതുസംബന്ധിച്ച കത്ത് സി.ബി.ഐ സര്‍ക്കാരിന് കൈമാറി.

വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിച്ച സംഭവത്തില്‍ ജൂലായ് 28നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. അന്ന് വൈകിട്ട് ആറുമണിയോടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ജൂലായ് 31ന് പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കേണ്ടെന്നാണ് ബന്ധുക്കള്‍ തീരുമാനിച്ചത്.

മത്തായിയുടെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. എത്രയും വേഗം അന്വേഷണം ഏറ്റെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഡിവിഷന്‍ ബെഞ്ച് സി.ബി.ഐയ്ക്ക് നല്‍കിയ നിര്‍ദേശം. കേസ് സി.ബി.ഐയ്‌ക്ക് വിടുന്നതിനോട് സംസ്ഥാന സര്‍ക്കാരും അനുകൂല സമീപനമാണ് സ്വീകരിച്ചത്.