ഈ ഓണക്കാലത്ത് ചിരിച്ചുരസിക്കാൻ പറ്റുന്നൊരു ഫീൽഗുഡ് കോമഡി ഡ്രാമ പ്രേക്ഷകർ ഹൃദയത്തിലേറ്റുന്നു. അതാണ് സത്യൻ അന്തിക്കാട്-മോഹൻലാൽ കോംബോ ചിത്രം ഹൃദയപൂർവം.

ക്ലൗഡ്-കിച്ചൺ ഉടമയായ സന്ദീപ് ബാലകൃഷ്ണൻ (മോഹൻലാൽ) ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നതോടെയാണ് കഥയാരംഭിക്കുന്നത്. പിന്നീട് തന്റെ ദാതാവായ കേണൽ രവീന്ദ്രനാഥിന്റെ മകൾ ഹരിതയുടെ (മാളവിക മോഹൻ) വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ പൂനെയിലേക്ക് പോകുന്നു. അപ്രതീക്ഷിതമായി വിവാഹനിശ്ചയം റദ്ദാക്കപ്പെട്ടപ്പോൾ, സന്ദീപ് തന്റെ താമസം നീട്ടാൻ നിർബന്ധിതനാകുന്നു. തുടർന്ന് എന്ത് സംഭവിക്കുന്നു എന്ന് നർമ രസത്തോടെയും ആകാംക്ഷയോടെയും പറഞ്ഞുവെക്കുകയാണ് ഹൃദയപൂർവം.

സിനിമയിലുടനീളമുള്ള അടക്കിപ്പിടിച്ച ചിരികൾ ചിലപ്പോൾ പൊട്ടിച്ചിരികളായും മാറുന്നുണ്ട് കണ്ടിരിക്കുന്ന പ്രേക്ഷകരിൽ. ചില (അന്ധ) വിശ്വാസങ്ങളെയും ജാതി ചിന്തകളെയുമൊക്കെ നർമരസത്തോടെ അവതരിപ്പിക്കുന്നത് ‘സന്ദേശം’ എന്ന സിനിമയെ പോലെ കാലിക പ്രസക്തി സൽകുന്നുണ്ട് ഈ സിനിമയിലും. ചിരി മാത്രമല്ല ഹൃദയത്തിൽ തട്ടിയ കരച്ചിലും വരുന്നുണ്ട് സിനിമയുടെ പല ഭാഗങ്ങളിലും. പ്രത്യേകിച്ച് ഹരിത (മാളവിക മോഹനൻ) അച്ഛനെക്കുറിച്ച് പറയുന്ന ഭാഗങ്ങൾ കണ്ണു നിറക്കാതെ കണ്ടിരിക്കാനാകില്ല പ്രേക്ഷകർക്ക്.

അഖിൽ സത്യൻ്റെ കഥക്ക് സോനു ടി.പി യുടെ തിരക്കഥയിലും സംഭാഷണത്തിലും സത്യൻ അന്തിക്കാടും മക്കളും ചേർന്ന് കൈയൊപ്പ് ചാർത്തിയ ചിത്രം കൂടിയാണ് ഹൃദയപൂർവം. മോഹൻലാൽ-സംഗീത് പ്രതാപ് കൂട്ടുകെട്ട് സിനിമയിൽ ഇഴുകിച്ചേർന്നു നിൽക്കുന്നുണ്ട്. ഇതിൽ സംഗീത് പ്രതാപിൻ്റെ അഭിനയം എടുത്തു പറയേണ്ടതാണ്. ഹരിതയായി മാളവികയുടെ പ്രകടനവും ശ്രദ്ധേയമാണ്. അമ്മയായിയെത്തുന്ന സംഗീത ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിന് ശേഷമെത്തുമ്പോൾ മികച്ച അഭിനയമാണ് കാഴ്ചയാക്കുന്നത്.

ഇന്നസെൻ്റോ ഒടുവിൽ ഉണ്ണികൃഷ്ണനോ ഒക്കെ ചെയ്യേണ്ടിയിരുന്ന സന്ദീപിന്റെ അളിയനായ ഒ.കെ. പണിക്കറായി എത്തിയ സിദ്ദീഖ് അതിലുമെത്രയോ മികച്ച രീതിയിലാണ് ആ റോൾ കൈകാര്യം ചെയ്തിരിക്കുന്നത്. ലാലു അലക്സിൻ്റെ പൂനെയിലെ ജേക്കബായുള്ള എൻട്രിയും തുടർന്നുള്ള ഭാഗങ്ങളും രസച്ചരട് പൊട്ടാതെ തന്നെ ഇഴചേർത്തിട്ടുണ്ട്. വിവാഹത്തിന്റെ അന്ന് തേച്ചൊട്ടിച്ചു പോയ വധുവായി സൗമ്യയും തിളങ്ങുന്നുണ്ട്.

ചിറ്റപ്പനായും പണിക്കരുടെ അമ്മാവനായും ജനാർദനൻ, ദേവികയുടെ സഹോദരൻ ക്യാപ്റ്റൻ മനോജായി ബാബുരാജ്, ഹരിതയുടെ മുൻ പ്രതിശ്രുത വരൻ കിരണായി നിഷാൻ, സന്ദീപിന്റെ സഹോദരിയും പണിക്കരുടെ ഭാര്യയുമായ ഗീതയായി സബിത ആനന്ദ്, എസ്.പി. ചരൺ, അടുക്കള ബാലനായി ചന്തു നായിക്, സലിം മറിമായം,നിർമാതാവായി അഭിനയിക്കുന്ന (അതിഥി വേഷം) ആൻ്റണി പെരുമ്പാവൂർ തുടങ്ങി ചെറുതും വലുതുമായി എത്തുന്നവരൊക്കെ വേഷം നന്നാക്കി. ഇവരോടൊപ്പം റീല്‍സ് താരങ്ങളില്‍ പലരുടേയും സാന്നിധ്യവും ശ്രദ്ധേയമാക്കിയിട്ടുണ്ട് ചിത്രത്തിൽ