ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ടു. ഇന്ന് പകൽ മുഴുവൻ പിണറായി വിജയൻ ചെന്നൈയിൽ തങ്ങും .ഭാര്യ കമലയും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ട്. അതേസമയം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്.
സി പി എം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണനെ മന്ത്രി എംബി രാജേഷും എം എ ബേബിയും സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിക്ക് ഒപ്പമുണ്ട് . കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്.
ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിളസയുടെ ഭാഗമായി തെയ്നാംപേട്ടിലെ അപ്പോളോ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു . അമേരിക്കയിൽ കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് വിവിധ പരിശോധനകൾ പൂർത്തിയാക്കിയത്.



