ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാ റാണി (62)അന്തരിച്ചു. പരേതനായ സംവിധായകന്‍ എന്‍. ശങ്കരന്‍ നായരുടെ ഭാര്യയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ, ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും.

1966 ല്‍ ജയില്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഉഷാറാണി ചലച്ചിത്ര ലോകത്തേക്ക് കാലെടുത്ത് വച്ചത്. മലയാളം,ഹിന്ദി,തമിഴ്,തെലുങ്ക് ,കന്നട തുടങ്ങിയ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ, അങ്കത്തട്ട്,അഹം,ഏകലവ്യന്‍,അമ്മ അമ്മായിയമ്മ,തെങ്കാശിപ്പട്ടണം, മഴയെത്തും മുമ്ബ് തുടങ്ങിയവയാണ് മലയാളത്തില്‍ ഉഷാ റാണിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. സീരിയലിലും വേഷമിട്ടിട്ടുണ്ട്. മകന്‍: വിഷ്ണു ശങ്കരന്‍ നായര്‍