ഗവർണറുടെ പ്രവർത്തനം ജനാധിപത്യപരവും ഭരണഘടനാപരവും ആയിരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ പ്രവർത്തിക്കുന്നത് ജനാധിപത്യപരവും ഭരണഘടനാപരവുമാണോയെന്നതാണ് പ്രശ്നം. അല്ലാത്ത പക്ഷം വിമർശനം ഉണ്ടാകും.
ഇത്തരം പ്രതിസന്ധികളിൽ പാർട്ടി പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി എന്ന നിലയിൽ പ്രത്യേക വെല്ലുവിളിയില്ല. വർഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെല്ലുവിളികൾ. മന്ത്രിസഭയിലെ മാറ്റം പാർട്ടി ആലോചിച്ച് തീരുമാനിക്കും.
മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടി സെക്രട്ടറിയേയും നയിക്കുന്നത് പാർട്ടിയാണ്. കൂട്ടായ പ്രവർത്തനമാണ് പാർട്ടിയുടേതെന്നും ഗോവിന്ദൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



