ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അര്‍ഹതപ്പെട്ട വെള്ളി മെഡല്‍ നല്‍കണമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. 

ഗുസ്തിയിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ഫൈനലിൽ എത്തിയപ്പോൾ, സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് മുമ്പ് നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായെന്ന് കണ്ടെത്തുകയും പിന്നീട് താരത്തെ  ഒളിമ്പിക് കമ്മിറ്റി അയോഗ്യരാക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിനെതിരെ വിനേഷ് സമർപ്പിച്ച ഹർജി ലോക കായിക തർക്കപരിഹാര കമ്മീഷന്റെ പരിഗണനയിലിരിക്കുകയാണ്.

സ്വര്‍ണ മെഡല്‍ നിഷേധിക്കുന്ന കാരണങ്ങൾ ന്യായമായിരുന്നില്ലെന്നും, മെഡല്‍ താരത്തിന് ലഭിക്കേണ്ടതാണെന്നും സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിനേഷ് ഫോഗട്ടിന് പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

വിനേഷ് ന്യായമായ രീതിയിൽ ഫൈനലിലേക്ക് യോഗ്യത നേടിയതായും, അവർക്ക് അർഹിക്കുന്ന മെഡല്‍ തട്ടിയെടുക്കുകയായിരുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി. ഉത്തേജക ഉപയോഗം പോലുള്ള മോശം പ്രവൃത്തികളുടെ പേരിൽ ഈ അയോഗ്യത ഉണ്ടായിരുന്നെങ്കിൽ അത് മനസിലാക്കാമായിരുന്നു. എന്നാൽ, ഇപ്പോഴുള്ള സാഹചര്യത്തിൽ വിനേഷിന് അർഹിക്കുന്ന അംഗീകാരം ലഭിക്കുമെന്നാണ് തൻറെ പ്രതീക്ഷയെന്നും സച്ചിൻ എക്സിൽ പറഞ്ഞു.