ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കല്യാണത്തിരക്ക്. ദേവസ്വത്തിന്‍റെ കണക്ക് പ്രകാരം 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാത്രി വരെയുള്ള ബുക്കിംഗ് ആണിത്.  തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടക്കുക.  മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ മണ്ഡപങ്ങളിലും ഒരേ സമയം വിവാഹം നടത്താന്‍ കാര്‍മികരായി കോയ്മക്കാരെ നിയോഗിച്ചു. ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ പരമാവധി 20 പേരെയാണ് കല്യാണ മണ്ഡലത്തിനു സമീപത്ത് പ്രവേശിപ്പിക്കുക.

വിവാഹ രജിസ്ട്രേഷന് നഗരസഭാ ഓഫീസിലും പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.