വാഷിങ്ടണ്‍: ഗാല്‍വന്‍ താഴ്വരയിലെ അക്രമം ചൈനയ്ക്ക് വലിയ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം.

ഇന്ത്യയുമായി സന്ധി സംഭാഷണങ്ങളുമായി മുന്നോട്ട് പോകുന്നതിന് അക്രമം ചൈനയ്ക്ക് തിരിച്ചടിയായെന്നും സംഭവം ഇന്ത്യയെ അമേരിക്കയുമായി കൂടുതല്‍  അടുപ്പിക്കുന്നതിന് കാരണമായെന്ന വിലയിരുത്തല്‍ ചൈനയ്ക്കുണ്ടെന്നും അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.

അതേസമയം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റെന്‍ തിയേറ്റര്‍ കമാന്‍ഡ് മേധാവി ജനറല്‍ ഷാവോ സോന്‍ഗിയാണ് വടക്കന്‍ ഇന്ത്യയുടെയും തെക്ക് വടക്കന്‍ ചൈനയുടെയും തര്‍ക്ക പ്രദേശത്ത് സൈനികനീക്കത്തിനുള്ള ഉത്തരവ് നല്‍കിയതെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നു.

അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന് സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ ചൈനീസ് ജനറല്‍ സേനാംഗങ്ങള്‍ക്ക് അധികാരം നല്‍കിയെന്നും അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.