മൂന്നുവർഷം മുൻപ് കണ്ണൂരിൽ ദേശീയ ചരിത്ര കോൺഗ്രസിൽ ഉയർന്ന പ്രതിഷേധം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. 2019 ഡിസംബർ 28-ലെ സംഭവം മനസ്സിൽനിന്ന് വിട്ടുകളഞ്ഞിട്ടില്ലെന്നാണ് ഡൽഹിയിൽ വി.സി.ക്കുനേരേ ഗവർണർ ഞായറാഴ്ച നടത്തിയ പ്രതികരണം വ്യക്തമാക്കുന്നത്.

വി.സിയോടുള്ള നീരസം മാറിയിട്ടില്ലെന്നും കണ്ണൂർ വി.സി. തന്നെ കൈയേറ്റംചെയ്യാൻ ഒത്താശചെയ്തു, അദ്ദേഹം ക്രിമിനലാണ് എന്നൊക്കെ ഗവർണർ ആക്ഷേപമുന്നയിക്കുന്നത് അന്നത്തെ സംഭവം അടിസ്ഥാനമാക്കിയാണ്. ചരിത്ര കോൺഗ്രസ് സംഘാടകസമിതി ചെയർമാൻ കൂടിയായിരുന്നു വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ.

കണ്ണൂർ സർവകലാശാല ആതിഥ്യംവഹിച്ച ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടനവേദിയിൽ ഗവർണർക്കെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നത്. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ഗവർണറും എതിർത്ത് ചരിത്രകാരൻമാരും വിദ്യാർഥി സംഘടനകളും നേർക്കുനേർ വന്നു.

പ്രസംഗം വിവാദങ്ങളിലേക്ക് കടന്നതോടെയായിരുന്നു വേദിയിലും സദസ്സിലും ഗവർണർക്കുനേരേ പ്രതിഷേധം ഉയർന്നത്. ചിലർ പ്ലക്കാർഡുയർത്തി. ഗവർണറും സദസ്സിൽ ഉള്ളവരും തമ്മിൽ വാക്പോരുണ്ടായി. വേദിയിലുണ്ടായിരുന്ന ചരിത്രകാരനും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ആക്ടിങ് പ്രസിഡന്റുമായിരുന്ന പ്രൊഫ. ഇർഫാൻ ഹബീബ് ഗവർണർക്കടുത്തെത്തി ശബ്ദമുയർത്തി സംസാരിച്ചു. ഇർഫാൻ ഹബീബ് പിന്നീട് വേദിയിൽനിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചു. വി.സി.യും എം.പി.യായിരുന്ന കെ.കെ.രാഗേഷുമാണ് ഇർഫാൻ ഹബീബിനെ അനുനയിപ്പിച്ച് സീറ്റിൽ ഇരുത്തിയത്.